വിതുര: കല്ലാർ മേഖല കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ വീർപ്പുമുട്ടുകയാണ്. ഒരുവശത്തു കുരങ്ങുകളുടെ ശല്യം. മറുവശത്തു കാട്ടാനക്കൂട്ടത്തിന്റെ തേർവാഴ്ച. ജീവനും സ്വത്തിനും സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണിവിടെ. ജില്ലയിൽ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളിലൊന്നായ കല്ലാറിനാണ് ഈ ദുർവിധി. കഴിഞ്ഞ നാലു മാസത്തിനിടയ്ക്ക് ഇരുപതോളം വീടുകളിൽ കുരങ്ങു സംഘം നാശം വിതച്ചിരുന്നു. വിലപ്പെട്ട രേഖകളുൾപ്പെടെയുള്ള കടലാസുകൾ കീറുക, വസ്ത്രങ്ങളിൽ മൂത്രമൊഴിക്കുക, വീട്ടുസാധനങ്ങൾ വലിച്ചെറിയുക, പുരയിടങ്ങളിലെ കരിക്ക്, ചക്ക, മാങ്ങ എന്നിവ നശിപ്പിക്കുക, കേബിൾ ലൈനുകൾ തകർക്കുക തുടങ്ങി പ്രശ്നങ്ങൾ അനവധിയാണ്. സ്കൂളുകളിലും പ്രധാന ഓഫിസുകളിലും കയറി നാശം വിതയ്ക്കുന്നതും കുരങ്ങുകളുടെ വിനോദമാണ്. ഈ പ്രശ്നം നിലവിലുള്ളപ്പോൾത്തന്നെയാണു കാട്ടാനക്കൂട്ടത്തിന്റെ വരവും.
കഴിഞ്ഞ മൂന്നു മാസത്തിനിടയക്ക് ഇരുപതോളം തവണ കാട്ടാനക്കൂട്ടം നാട്ടിലിറങ്ങിയിരുന്നു. കഴിഞ്ഞദിവസം ഇരുപത്തിയാറാം കല്ലിനു സമീപം മുന്നൂറോളം വാഴകളും മരച്ചീനി, തൈത്തെങ്ങ്, റബർതൈ എന്നിവ ചവിട്ടി മെതിച്ചതാണ് ഇതിൽ ഒടുവിലത്തേത്. ആദിവാസി ഊരുകളിൽനിന്നുള്ള കുട്ടികൾ സ്കൂളിൽ പോകാൻ പറ്റാത്ത അവസ്ഥയിലാണ്. മ്ലാവ്, പന്നി, നായ്പ്പുലി ഉൾപ്പെടെയുള്ളവ പ്രദേശത്തു സ്വൈര വിഹാരം നടത്തുന്നതും പ്രശ്നം തന്നെ. ആനക്കിടങ്ങു കുഴിക്കുക, വൈദ്യുത വേലി സ്ഥാപിക്കുക തുടങ്ങി അനവധി ആവശ്യങ്ങൾ ആദിവാസി ഊരുകാർ മുന്നോട്ടു വയ്ക്കുന്നു. കാട്ടുമൃഗ ശല്യത്തിനെതിരെ അടിയന്തര നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ടു നാട്ടുകാർ ഈയിടെ വനം ഓഫിസ് പടിക്കൽ ധർണയും നടത്തിയിരുന്നു. എന്നിട്ടും ബന്ധപ്പെട്ടവർ പര്യാപ്തമായ നടപടി കൈക്കൊണ്ടതായി വിവരമില്ല.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.