നെടുമങ്ങാട്: വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതായി അനവധി തവണ കണ്ടെത്തുകയും ആഹാരത്തിൽ പാറ്റയും പല്ലിയും ചിലന്തിയും അടക്കമുള്ളവ കാണപ്പെടുകയും അവസാനം കറിയിൽ നിന്നു വിരലുറ വരെ ലഭിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ അടച്ചുപൂട്ടിയ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ കന്റീൻ പലവിധ സമ്മർദങ്ങൾക്കു വഴങ്ങി വീണ്ടും അവരെത്തന്നെ ഏൽപിക്കാനുള്ള ശ്രമത്തിൽ നിന്നു പിന്തിരിയണമെന്നു ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ ആവശ്യപ്പെട്ടു. ഈ കന്റീൻ നിരുത്തരവാദപരമായ രീതിയിൽ ഇതുവരെ നടത്തിക്കൊണ്ടിരുന്നവർക്കു പലതവണ ഔദ്യോഗികമായി താക്കീതുകളും മറ്റു താൽക്കാലിക നടപടികളും സ്വീകരിച്ചിട്ടും ഫലമില്ലാതെവന്നതോടെയായിരുന്നു അവസാനം കന്റീൻ അടച്ചുപൂട്ടാൻ അധികൃതർ തീരുമാനിക്കുകയും അടച്ചുപൂട്ടുകയും ചെയ്തത്.
വൃത്തിഹീനമായ സാഹചര്യത്തിൽ കന്റീൻ നടത്തുക മാത്രമല്ല, ആഹാരപദാർഥങ്ങൾ വൃത്തിയായി സൂക്ഷിക്കാതെയും അലക്ഷ്യമായ രീതിയിൽ വിതരണം ചെയ്യുന്നതിനുമെതിരെയും നേരത്തെ താക്കീതും മുന്നറിയിപ്പുകളും നൽകിയിട്ടും വീണ്ടും അത്തരം കാര്യങ്ങൾ ആവർത്തിക്കുകയായിരുന്നു ഇവർ ചെയ്തത്. ആശുപത്രി വികസന സമിതിക്കും ജനപ്രതിനിധികൾക്കും ഇക്കാര്യം ബോധ്യമായിട്ടും പലതവണ വീണ്ടും ഇവർക്ക് അവസരം നൽകിയിരുന്നതായും ജയൻ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ ഇനി ഒരു കാരണവശാലും ഇവരെ തന്നെ കന്റീൻ ഏൽപിക്കരുതെന്നും രോഗികളുടെ ആരോഗ്യ സുരക്ഷയെ മുൻനിർത്തി അടിയന്തരമായി കന്റീൻ തുറന്നു പ്രവർത്തിക്കാൻ ആവശ്യമായ മറ്റു നടപടികൾ ആരംഭിക്കണമെന്നും ജയൻ ആവശ്യപ്പെട്ടു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.