Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ആഴത്തിലൊളിപ്പിച്ച ഭീമൻ കപ്പൽ വരുന്നു

വിഴിഞ്ഞം: രാജ്യാന്തര തുറമുഖ നിർമാണത്തിനുള്ള രണ്ടാമത്തെ ഡ്രജറടക്കമുള്ള യന്ത്രസാമഗ്രികളുമായി വിഴിഞ്ഞത്ത് എട്ടിന് ഇതാദ്യമായി ഭീമൻ കപ്പലെത്തും. ഡ്രജറടക്കമുള്ളവയെ പുറത്തിറക്കുന്നതു കപ്പലിനെ പാതി മുക്കിയ നിലയിലെ അവസ്ഥയിൽ. കോംബി-ഡോക് -1 എന്നു പേരുള്ള ഈ കപ്പൽ ഇതിന്റെ പ്രത്യേകതരം സാങ്കേതികത്വം നിമിത്തം പുറംകടലിലാവും നങ്കൂരമിടുക. കടലിനു മേലെ കൂറ്റൻ യന്ത്രസാമഗ്രികളടക്കം വഹിച്ചു പോകുന്ന ഇത്തരം കാർഗോ കപ്പൽ വിഴിഞ്ഞം തുറമുഖത്ത് അടുക്കുന്നത് ഇതാദ്യമെന്ന പ്രത്യേകതയുണ്ട്. 

169.4 മീറ്റർ നീളമുള്ളതാണു കപ്പൽ. വിഴിഞ്ഞത്തു നിലവിലുള്ള ശാന്തിസാഗർ–12 എന്ന ഡ്രജർ അറ്റ്ലാന്റിക് വിന്റർ എന്ന കപ്പലിൽ കൊല്ലത്തെത്തിച്ചു ക്രെയിനുപയോഗിച്ച് അവിടെയിറക്കി ടഗ്ഗിൽ കെട്ടിവലിച്ചാണു വിഴിഞ്ഞത്തെത്തിച്ചത്. പുറംകടലിൽ നങ്കൂരമിട്ടുനിർത്തുന്ന കോംബി-‍ഡോക് എന്ന കപ്പലിന്റെ പിൻഭാഗം തുറന്ന് ഉള്ളിലേക്കു വെള്ളം നിറയ്ക്കും.

ഇതോടെ പാതി നില വരെ വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലായ കപ്പലിനുള്ളിൽ നിന്നു ശാന്തിസാഗർ–10 എന്ന കൂറ്റൻ ഡ്രജറിനെ പുറത്തേക്കു നീക്കിയാവും ഇറക്കൽ ദൗത്യമെന്നു ഷിപ് ഏജൻസി ദൗത്യം നിർവഹിക്കുന്ന കൊല്ലത്തെ എസ്എസ് മാരിടൈം കമ്പനി എംഡി: എസ്.മഹാദേവൻ, ഓപ്പറേഷൻ ഡയറക്ടർ ജോർജ് സേവ്യർ എന്നിവർ പറഞ്ഞു. സ്വന്തമായി ചലനശേഷിയില്ലാത്ത ഡ്രജറിനെ യഥാസ്ഥാനത്തേക്കു വലിച്ചുപോകാനായി കപ്പലിൽ ജലാശ്വ-4 എന്ന മൾട്ടി യൂട്ടിലിറ്റി ടഗ്ഗും എത്തിക്കുന്നുണ്ട്. 

ഇതു കൂടാതെ ജലത്തിൽ പൊങ്ങിക്കിടക്കുന്ന ഫ്ലോട്ടിങ് പൈപ്പ്‌ശേഖരവും ഇവിടെ ഇറക്കും. കപ്പലിൽ ശേഷിക്കുന്ന ഷോർലൈൻ പൈപ്പുകൾ, രണ്ടു കണ്ടെയ്നറുകൾ എന്നിവ കൊല്ലം തുറമുഖത്താവും ഇറക്കുക. ഇവ പിന്നീടു റോഡ്‌മാർഗം വിഴിഞ്ഞത്തെത്തിക്കും. ഒഡീഷയിലെ ദാംറ തുറമുഖത്ത് ഇന്നലെ കയറിയ കപ്പലിനുള്ളിലേക്കു ഡ്രജറടക്കമുള്ള യന്ത്രസാധനങ്ങൾ കയറ്റുന്ന ജോലി പുരോഗമിക്കുകയാണ്. മൂന്നു ദിവസത്തിനുള്ളിൽ അവിടെ നിന്നു പുറപ്പെടുന്ന കപ്പൽ സേതുസമുദ്രം മറികടന്നു വരുന്നതിനു ബുദ്ധിമുട്ടുള്ളതിനാൽ ശ്രീലങ്ക ചുറ്റിയാണു വിഴിഞ്ഞത്ത് എത്തുക. 

ഇതനുസരിച്ചു മിക്കവാറും എട്ടിനു കപ്പൽ വിഴിഞ്ഞത്തെത്തുമെന്നാണു പ്രതീക്ഷയെന്ന് ഏജൻസി അധികൃതർ പറഞ്ഞു. വിഴിഞ്ഞത്തേക്കുള്ള ശാന്തിസാഗർ–10 കൂടാതെ ശാന്തിസാഗർ പരമ്പരയിലെ പതിനൊന്നാമത്തെ മറ്റൊരു ഡ്രജർ കൂടി കപ്പലേറിവരുന്നുണ്ട്. അതു പക്ഷേ ഗുജറാത്തിലെ മുംദ്ര തുറമുഖത്തേക്കാവും എത്തിക്കുക. തുറമുഖ നിർമാണത്തോടനുബന്ധിച്ചു വരുംനാളുകളിൽ ഇവിടേക്ക് യന്ത്രങ്ങൾ വഹിച്ചുള്ള ജലയാനങ്ങളുടെ ഒഴുക്കാവും. അടുത്ത ഒരു വർഷത്തിനുള്ളിൽ യന്ത്രസാധനങ്ങളെക്കൂടാതെ കുറഞ്ഞത് ഒരു ലക്ഷം ടണ്ണിന്റെ ഉരുക്ക് പൈപ്പുകൾ, പൈലിങ് സാധനങ്ങൾ എന്നിവ വിഴിഞ്ഞത്തെത്തുമെന്നു ബന്ധപ്പെട്ടവർ സൂചന നൽകി.


Post a Comment

0 Comments