നെടുമങ്ങാട്: വീട്ടുപറമ്പിൽ സൂക്ഷിച്ചിരുന്ന റബർ ഷീറ്റുകൾ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കളെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. വാളിക്കോട് ആക്കോട്ടുപാറ വിമല ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന അമീർ അലി (19), നെടുമങ്ങാട് കുറക്കോട് കുന്നുംപുറത്ത് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ആലിഫ് (23) എന്നിവരാണ് പിടിയിലായത്.

വിനോബനികേതൻ മുതുപുരം പെരുമാൾ വീട്ടിൽ രമാദേവിയുടെ വീടിൻ്റെ പിൻവശത്ത് ഉണങ്ങാനിട്ടിരുന്ന 40 റബർ ഷീറ്റുകളാണ് ഇക്കഴിഞ്ഞ 31-ന് രാത്രി ഇവർ മോഷണം നടത്തിയത്. പിറ്റേന്ന് രാവിലെ വീട്ടുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതികൾ മതിൽ ചാടിക്കടന്ന് റബർ ഷീറ്റുകൾ കടത്തിക്കൊണ്ടുപോകുന്നത് കണ്ടത്. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
ചോദ്യം ചെയ്യലിൽ പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് അരുവിക്കരയിലെ ഒരു പവർ ടൂൾസ് കടയിൽ നിന്ന് ഏണി മോഷ്ടിക്കുകയും, ദിവസങ്ങൾക്ക് ശേഷം മാപ്പപേക്ഷ എഴുതിവെച്ച് ഏണി തിരികെ കൊണ്ടുവെക്കുകയും ചെയ്തത് ഇതേ സംഘമാണെന്ന് പോലീസ് വ്യക്തമാക്കി.
വിവിധ സ്ഥലങ്ങളിൽ മാറിയും മറിഞ്ഞും വാടകയ്ക്ക് താമസിച്ച് ബൈക്കിൽ കറങ്ങിനടന്നാണ് പ്രതികൾ മോഷണം നടത്തിയിരുന്നത്. മുൻപും സമാനമായ രീതിയിൽ മേഖലയിൽ ഇവർ മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.