Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

ജനങ്ങളുടെ ജീവൻ വെച്ച് പന്താടുന്നു! പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടിയിട്ടും ഹോട്ടലുകളുടെ പേര് വെളിപ്പെടുത്താതെ നഗരസഭ ആരോഗ്യ വിഭാഗം


നെടുമങ്ങാട്
: നഗരത്തിലെ പ്രമുഖ ഹോട്ടലുകളിൽ നിന്ന് പഴകിയ ഇറച്ചിയും മീനും ഉൾപ്പെടെ 80 കിലോയോളം അഴുകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി ദിവസങ്ങൾ കഴിഞ്ഞിട്ടും, നിയമലംഘനം നടത്തിയ സ്ഥാപനങ്ങളുടെ പേരുകൾ പുറത്തുവിടാതെ അധികൃതർ. ജനങ്ങളുടെ ആരോഗ്യത്തിന് ഗുരുതര ഭീഷണിയുയർത്തിയ കുറ്റകൃത്യം മറച്ചുവെച്ച്, വൻകിട ഹോട്ടല ഉടമകളെ സംരക്ഷിക്കുന്ന നഗരസഭയുടെയും ആരോഗ്യ വിഭാഗത്തിന്റെയും നടപടിക്കെതിരെ നഗരത്തിൽ വൻ ജനരോഷവും പ്രക്ഷോഭങ്ങളും ഇരമ്പുകയാണ്.

പരിശോധന കണ്ണിൽ പൊടിയിടൽ; മാസപ്പടിയെച്ചൊല്ലി ആരോപണം

കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. എന്നാൽ ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം നിലനിൽക്കുമ്പോഴും, നിയമലംഘകരുടെ പേരുവിവരങ്ങൾ രഹസ്യമാക്കി വെക്കാൻ അധികൃതർ മത്സരിക്കുകയാണ്. ഇതിന് പിന്നിൽ വൻ സാമ്പത്തിക-രാഷ്ട്രീയ അവിശുദ്ധ കൂട്ടുകെട്ടാണെന്ന് ആക്ഷേപം ശക്തമാണ്.

പരിശോധനകൾ വെറുമൊരു പ്രഹസനവും നാടകവുമാണെന്ന് പൊതുജനങ്ങളും വിവിധ സംഘടനകളും ആരോപിക്കുന്നു. ഹോട്ടലുകളിൽ നിന്ന് കൃത്യമായി ലഭിക്കേണ്ട 'മാസപ്പടി' വൈകിയതിനെ തുടർന്ന് ഉടമകളെ പേടിപ്പിച്ചു ഭീഷണിപ്പെടുത്താനാണ് ഉദ്യോഗസ്ഥർ നാടകം കളിച്ചതെന്ന ഗുരുതര ആരോപണവും ഉയരുന്നുണ്ട്. ലക്ഷ്യമിട്ട തുക കൈപ്പറ്റിയ ശേഷമാണോ സ്ഥാപനങ്ങളുടെ പേരുവിവരങ്ങൾ ഒളിച്ചുവെക്കുന്നതെന്നാണ് നാടൊട്ടുക്കും ഉയരുന്ന ചോദ്യം. വിവരങ്ങൾ ആരായുന്ന മാധ്യമപ്രവർത്തകരോടും പൊതുപ്രവർത്തകരോടും "പത്രസമ്മേളനം നടത്തി അറിയിക്കാം" എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്ന അപലപനീയമായ നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്.

കേസ് ഒതുക്കിതീർക്കാൻ ശ്രമം; വഞ്ചിക്കപ്പെടുന്നത് സാധാരണക്കാർ

നല്ല തുക നൽകി ഭക്ഷണം കഴിക്കുന്ന സാധാരണക്കാരെ വഞ്ചിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിസ്സാരമായ പിഴ ചുമത്തി കേസ് ഒതുക്കിതീർക്കാനാണ് നീക്കമെന്നാണ് ആക്ഷേപം. 15,000 മുതൽ 25,000 രൂപ വരെ മാത്രം പിഴയീടാക്കി തടിയൂരാൻ സൗകര്യമൊരുക്കുന്നത് കുറ്റവാളികൾക്ക് കൂടുതൽ നിയമലംഘനങ്ങൾ നടത്താനുള്ള ലൈസൻസായി മാറും. പകരം, ഇത്തരം സ്ഥാപനങ്ങളുടെ നഗരസഭ ലൈസൻസും ഫുഡ് സേഫ്റ്റി ലൈസൻസും ശാശ്വതമായി റദ്ദാക്കണമെന്നും ഉടമകൾക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും നാട്ടുകാരും രാഷ്ട്രീയ നേതാക്കളും ആവശ്യപ്പെട്ടു.

വിജിലൻസ് അന്വേഷണത്തിനും ഉപരോധത്തിനും സാധ്യത

നഗരസഭാ ഭരണകക്ഷി നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സംരക്ഷണ വലയത്തിലാണ് കുറ്റക്കാരായ ഹോട്ടൽ ഉടമകൾ കഴിയുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നത്. ജനങ്ങളുടെ ജീവൻ വെച്ച് പന്താടുന്ന നഗരസഭാധികൃതർക്കും ഉദ്യോഗസ്ഥർക്കുമെതിരെ സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തണമെന്നാണ് നാട്ടുകാർ പറയുന്നത്.

കുറ്റക്കാരായ ഹോട്ടലുകളുടെ പേരുകൾ അടിയന്തരമായി പരസ്യപ്പെടുത്തുകയും സ്ഥാപനങ്ങൾ പൂട്ടി സീൽ ചെയ്യുകയും ചെയ്തില്ലെങ്കിൽ നഗരസഭാ ഓഫീസിലേക്കും ആരോഗ്യ വകുപ്പ് ഓഫീസുകളിലേക്കും ശക്തമായ ജനകീയ മാർച്ചും ഉപരോധവും സംഘടിപ്പിക്കാനാണ് പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും തീരുമാനം.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments