വലിയതുറ: നിയന്ത്രണംവിട്ട കാർ ഇരുചക്ര വാഹന യാത്രക്കാരിയെ ഇടിച്ചിട്ട ശേഷം വിമാനത്താവളത്തിന്റെ മതിൽ ഇടിച്ചു തകർത്തു. മദ്യലഹരിയിൽ കാർ ഓടിച്ച ബാലരാമപുരം സ്വദേശി മനുവിനെ (35) വലിയതുറ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചു വാഹനമോടിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തു. കാറിൽ ഉണ്ടായിരുന്ന 2 വനിതകൾക്കും പരുക്കേറ്റു.
ഞായർ വൈകിട്ട് 5 മണിയോടെ ഓൾ സെയിന്റസ്– ശംഖുമുഖം റോഡിൽ മുസ്‌ലിം പള്ളിക്കു സമീപം വച്ചാണ് കാർ ആദ്യം ബൈക്കിലിടിച്ചത്, തുടർന്നു കാർ വിമാനത്താവളത്തിലെ എയർഫോഴ്സ് സ്റ്റേഷനു സമീപത്തെ ടെക്നിക്കൽ ഏരിയയിലെ വളവിലെ മതിലിൽ ഇടിച്ചു കയറുകയായിരുന്നു. തമിഴ്നാട് റജിസ്ട്രേഷൻ കാറാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ മതിലും കാറിന്റെ മുൻവശവും തകർന്നു.
വലിയ സുരക്ഷാ വീഴ്ചയാണ് ഉണ്ടായത്. വിമാനത്താവളത്തിലെ എയർഫോഴ്സ് സ്റ്റേഷനു സമീപത്തെ മതിലാണ് തകർന്നത്. റോഡിൽ നിന്ന് നിശ്ചിത ദൂരം മാറിയാണ് മതിൽ. കാർ അമിത വേഗത്തിലായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. പരുക്കേറ്റ ഇരുചക്ര വാഹന യാത്രക്കാരിയെയും കാറിലുണ്ടായിരുന്ന പോത്തൻകോട് സ്വദേശികളായ മെറിൻ, കവിത എന്നിവരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാർ നിയന്ത്രണം വിട്ട് 12 അടിയോളം ഉയരമുള്ള ചുറ്റുമതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് വലിയതുറ എസ്എച്ച്ഒ ഡി.ഒ.ദിനേശ് പറഞ്ഞു. അതുവഴി പോയവരും വലിയതുറ പൊലീസും ഏറെ പരിശ്രമിച്ചാണു കാറിലുണ്ടായിരുന്നവരെ പുറത്ത് എത്തിച്ചത്. കാറിലുണ്ടായിരുന്ന 2 പേർക്കു സാരമായ പരുക്കുണ്ട്. ഇതിനു മുൻപും ഇതേ സ്ഥലത്തുണ്ടായ 3 അപകടങ്ങളിൽ 2 പേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.