Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

വയോജനങ്ങളുടെ അടിസ്ഥാന വിവരശേഖരണത്തിന് ധാരണാപത്രം ഒപ്പുവച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി, വയോജന ക്ഷേമ വകുപ്പ് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റുമായി (സി.എം.ഡി) ചേർന്ന് സംഘടിപ്പിക്കുന്ന വയോജനങ്ങളുടെ സംസ്ഥാനതല അടിസ്ഥാന വിവരശേഖരണത്തിനുള്ള ധാരണാപത്രം ഒപ്പുവച്ചു. 

മുഖ്യമന്ത്രി വി.ഡി. സതീശന്റെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ ചേംബറിൽ നടന്ന ചടങ്ങിലാണ് ധാരണാപത്രം ഒപ്പുവച്ചത്. വയോജന ക്ഷേമ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ ഐ.എ.എസ്, മുഖ്യമന്ത്രിയുടെ ഓഫീസ് ഓൺ ഡ്യൂട്ടി സെക്രട്ടറി എൻ.എസ്.കെ. ഉമേഷ് ഐ.എ.എസ്, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ്. നായർ ഐ.എ.എസ്, സി.എം.ഡി ഡയറക്ടർ ഡോ. ജയശങ്കർ പ്രസാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വയോജനങ്ങളുടെ ആരോഗ്യം, സാമൂഹികം, സാമ്പത്തികം, ദൈനംദിന ജീവിതസാഹചര്യങ്ങൾ എന്നിവ വിലയിരുത്തുകയും സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ലഭ്യതയിലും സേവനങ്ങളിലുമുള്ള കുറവ് കണ്ടെത്തുകയുമാണ് സർവേയുടെ പ്രധാന ലക്ഷ്യം. വയോജനങ്ങളുടെ മുൻഗണനകളും ആവശ്യങ്ങളും അടിസ്ഥാനമാക്കി ഭാവി പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്യുന്നതിനും തെളിവധിഷ്ഠിത നയരൂപീകരണത്തിനും ഈ വിവരങ്ങൾ ഉപയോഗിക്കും.

60 വയസും അതിൽ കൂടുതലുമുള്ള വയോജനങ്ങളെ ഉൾപ്പെടുത്തി കേരളത്തിലെ 14 ജില്ലകളിലും 3,000 ത്തോളം അഭിമുഖങ്ങൾ നടത്തിയാണ് സർവേ നടത്തുന്നത്. പ്രായവിഭാഗങ്ങൾ (60-69, 70-79, 80+), ഭൂമിശാസ്ത്രപരമായ മേഖലകൾ (നഗരം, അർദ്ധനഗരം, ഗ്രാമം) എന്നിവ കൂടാതെ തീരപ്രദേശം, വനമേഖല, ആദിവാസി മേഖലകൾ ഉൾപ്പെടെ പരിസ്ഥിതി ദുർബല മേഖലകൾക്കും വേണ്ടത്ര പ്രാതിനിധ്യം ഉറപ്പാക്കുന്ന സയന്റിഫിക് മൾട്ടി സ്‌റ്റേജ് റാൻഡം സാമ്പിളിംഗ് രീതിയാണ് സ്വീകരിക്കുന്നത്. ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനം, വാർഡ്, കുടുംബം എന്നീ തലങ്ങളിലാണ് സാമ്പിൾ ശേഖരണം. പരിശീലനം ലഭിച്ച എന്യുമറേറ്റർമാർ നേരിട്ടുള്ള അഭിമുഖങ്ങളിലൂടെ സ്റ്റാൻഡേർഡ് സർവേ ഷെഡ്യൂൾ ഉപയോഗിച്ചാണ് വിവരശേഖരണം നടത്തുന്നത്.

വയോജനങ്ങൾ, അവരെ പരിചരിക്കുന്നവർ, പ്രദേശിക പ്രതിനിധികൾ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവരെ ഉൾപ്പെടുത്തി സംസ്ഥാനതല ശിൽപശാലയും സർവേയ്ക്ക് അനുബന്ധമായി നടത്തും. വിവരശേഖരണം പൂർത്തിയാക്കി മൂന്ന് മാസത്തിനകം അന്തിമ റിപ്പോർട്ട് വയോജന ക്ഷേമ വകുപ്പിന് സമർപ്പിക്കും.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments