Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ചക്കിപ്പാറ - മിത്രാനികേതൻ - കമ്പനിമൂക്ക് റോഡ് തകർന്നു



‎​വെള്ളനാട്: അറ്റകുറ്റപ്പണി നടക്കാതെ തിരുവനന്തപുരം ജില്ലയിലെ ചക്കിപ്പാറ - മിത്രാനികേതൻ - കമ്പനിമൂക്ക് റോഡ് തകർന്നു തരിപ്പണമായിട്ട് 15 വർഷം പിന്നിടുന്നു. ഒന്നേകാൽ കിലോമീറ്റർ മാത്രം നീളമുള്ള ഈ പാത പുനരുദ്ധരിക്കാൻ മാറി മാറി വന്ന ഭരണസമിതികൾ നടപടിയെടുക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. റോഡിന്റെ ശോച്യാവസ്ഥ കാരണം അപകടങ്ങൾ പതിവായതോടെ ഇതു വഴിയുണ്ടായിരുന്ന കെഎസ്ആർടിസി ബസ് സർവീസും നിർത്തി വെച്ചു.



​അധികാരത്തർക്കത്തിൽ കുടുങ്ങി വികസനവും മുടങ്ങിയ മട്ടാണ്. വെള്ളനാട് ഗ്രാമപഞ്ചായത്തിന്റെ പരിധിയിലാണ് ഈ റോഡുള്ളത്. എന്നാൽ, മുൻപ് കെഎസ്ആർടിസി ബസ് സർവീസ് ഉണ്ടായിരുന്നതിനാൽ റോഡിന്റെ പരിപാലനച്ചുമതല പൊതുമരാമത്ത് വകുപ്പിനാണെന്നാണ് പഞ്ചായത്ത് അധികൃതരുടെ നിലപാട്. എന്നാൽ, റോഡിന്റെ തകർച്ച കാരണം സർവീസ് പിൻവലിച്ച കെഎസ്ആർടിസിയെ ചൂണ്ടിക്കാട്ടി പഞ്ചായത്തും പി.ഡബ്ല്യു.ഡിയും പരസ്പരം ഉത്തരവാദിത്തം ഒഴിയുകയാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. റോഡിലെ വൻകുഴികളിൽ വെള്ളവും ചെളിയും കെട്ടിക്കിടക്കുന്നതിനാൽ ആഴമറിയാതെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്.
​ നിരവധി സ്കൂൾ ബസുകളും കാൽനടയായി വിദ്യാർത്ഥികളും ദിവസേന സഞ്ചരിക്കുന്ന റോഡാണിത്.


കാട്ടാക്കട ഡെയിൽ വ്യൂ, മിത്രാനികേതൻ, അരുവിക്കര അണക്കെട്ട് എന്നിവ സന്ദർശിക്കാനെത്തുന്ന വിദേശികളടക്കമുള്ള വിനോദ സഞ്ചാരികൾ ആശ്രയിക്കുന്ന എളുപ്പത്തിൽ എത്താവുന്ന പ്രധാന പാത കൂടിയാണിത്. ​ചുരുങ്ങിയ ദൂരം കൊണ്ട് പ്രധാന കേന്ദ്രങ്ങളിലേക്ക് എത്താമായിരുന്നിട്ടും റോഡ് തകർന്നു കിടക്കുന്നത് പ്രദേശത്തിന്റെ വികസനത്തെയും ബാധിച്ചിട്ടുണ്ട്. യാത്രാ സുരക്ഷ മുൻനിർത്തി അടിയന്തരമായി റോഡ് നവീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments