Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കോടികൾ മുടക്കി സ്ഥാപിച്ച സംരക്ഷണവേലി പല ഭാഗത്തും കാടുമൂടി നശിച്ച നിലയിൽ

അരുവിക്കര: ലക്ഷക്കണക്കിന് ആളുകൾക്ക് കുടിവെള്ളം നൽകുന്ന അരുവിക്കര ഡാമും പരിസരവും കനത്ത സുരക്ഷാ വീഴ്ചയിൽ. ഡാമിന്റെ സംരക്ഷണത്തിനായി കോടികൾ മുടക്കി സ്ഥാപിച്ച സംരക്ഷണവേലി പല ഭാഗത്തും കാടുമൂടി നശിച്ച നിലയിലാണ്. ഈ സുരക്ഷാ വേലികൾ സാമൂഹ്യവിരുദ്ധർ പല ഭാഗത്തും അറുത്തുമാറ്റി റിസർവോയറിനുള്ളിൽ പ്രവേശിക്കുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്. എന്നാൽ, ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി.


വേലികൾ തകർത്ത് അകത്തുകടക്കുന്നവർ പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും മറ്റ് അവശിഷ്ടങ്ങളും നേരിട്ട് ഡാമിനുള്ളിലേക്ക് വലിച്ചെറിയുകയാണ്. കുടിവെള്ള സ്രോതസ്സുകളിൽ മാലിന്യം തള്ളുന്നത് തടയാൻ ലക്ഷ്യമിട്ടാണ് മുൻപ് ഫെൻസിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ തയ്യാറാക്കിയത്. എന്നാൽ നിലവിൽ ഫെൻസിങ്ങിന്റെ പല ഭാഗങ്ങളും കാടുകയറി നശിച്ചതോടെ സാമൂഹ്യവിരുദ്ധർക്ക് കാര്യങ്ങൾ എളുപ്പമായിരിക്കുകയാണ്. അധികൃതരുടെ ഭാഗത്തുനിന്നും യാതൊരുവിധ പരിശോധനയോ നടപടിയോ ഇല്ലാത്തത് ഇവർക്ക് കൂടുതൽ തുണയാകുന്നു.


ഇതിനുപുറമെ, ഡാം പരിസരത്ത് ആവശ്യത്തിന് സുരക്ഷാ ക്യാമറകളും തെരുവിളക്കുകളും ഇല്ലാത്തതും വലിയ തിരിച്ചടിയാകുന്നുണ്ട്. രാത്രികാലങ്ങളിൽ ഈ പ്രദേശം പൂർണ്ണമായും ഇരുട്ടിലമരുന്നതിനാൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഇവിടെ നിർബാധം തുടരുകയാണ്. നിരന്തരം പരാതി നൽകിയിട്ടും വാട്ടർ അതോറിറ്റിയും പൊലീസും അറിഞ്ഞ ഭാവം നടിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഡാമിലെ വെള്ളം ശുദ്ധീകരിച്ചാണ് നൽകുന്നതെങ്കിലും, തുടർച്ചയായി മാലിന്യങ്ങൾ തള്ളുന്നത് ഭാവിയിൽ വലിയ ആരോഗ്യപ്രശ്നങ്ങൾക്കും കുടിവെള്ള വിതരണ തടസ്സത്തിനും കാരണമാകുമെന്ന ആശങ്ക ശക്തമാണ്.


നഗരവാസികളുടെ ജീവനു തുല്യമായ കുടിവെള്ള സ്രോതസ്സ് ഇത്തരത്തിൽ മലിനമാക്കപ്പെടുന്ന സാഹചര്യത്തിൽ അടിയന്തരമായി ഫെൻസിങ് നവീകരിക്കാനും, രാത്രികാലങ്ങളിൽ ശക്തമായ നിരീക്ഷണവും കാവലും ഏർപ്പെടുത്താനും അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് പ്രദേശവാസികളുടെ തീരുമാനം.


വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്യൂ

Post a Comment

0 Comments