Recent-Post

സി.പി.എം. ഏരിയ സമ്മേളനങ്ങൾക്കു തുടക്കമായി




തിരുവനന്തപുരം: സി.പി.എം. ഏരിയ സമ്മേളനങ്ങൾക്കു തുടക്കമായി. ജില്ലയിലെ 19 ഏരിയ കമ്മിറ്റികളിൽ വഞ്ചിയൂർ, കോവളം സമ്മേളനങ്ങൾക്കാണ് ചൊവ്വാഴ്ച തുടക്കമായത്. കഴിഞ്ഞ സമ്മേളനത്തിലുണ്ടായിരുന്ന നേതൃസമവാക്യങ്ങളിൽ ജില്ലയിൽ മാറ്റംവന്നിട്ടുണ്ട്. കഴിഞ്ഞ ജില്ലാസമ്മേളനത്തിൽ ആനാവൂർ നാഗപ്പനെയാണ് സെക്രട്ടറിയായി തിരഞ്ഞെടുത്തത്. അദ്ദേഹം തുടർന്ന് സംസ്ഥാന സെക്രട്ടേറിയറ്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്.

ആനാവൂർ നാഗപ്പൻ ഒന്നരവർഷത്തോളം രണ്ട് സ്ഥാനവും വഹിച്ചത് ഏറെ വിവാദങ്ങൾക്കും ആരോപണങ്ങൾക്കും വഴിവെച്ചിരുന്നു. പാർട്ടി നേതാക്കൾക്കെതിരേയുള്ള ഗുരുതരമായ പരാതികളിൽപ്പോലും നടപടിയില്ലാത്തത് ജില്ലാ കമ്മിറ്റിയിൽത്തന്നെ വാഗ്വാദങ്ങളുണ്ടാക്കിയതോടെയാണ് ആനാവൂർ നാഗപ്പൻ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. തുടർന്നാണ് വി.ജോയി ആ സ്ഥാനത്തേക്ക് എത്തുന്നത്. തുടർന്ന് പാർട്ടിക്കു ലഭിച്ച പരാതികളിൽ കർശന നടപടികളുണ്ടായിരുന്നു. നേമം ബാങ്ക് തട്ടിപ്പുവരെയുള്ള പരാതികളിലും എസ്.എഫ്.ഐ. ജില്ലാസമ്മേളനത്തിലുമടക്കം പാർട്ടി കർശന നിലപാടുകൾ സ്വീകരിച്ചിരുന്നു.

കഴിഞ്ഞ ഏരിയ സമ്മേളനങ്ങളിൽ മിക്കയിടത്തും ആനാവൂർ നാഗപ്പനൊപ്പം നിൽക്കുന്നവർക്കായിരുന്നു മുൻതൂക്കം. പുതിയ സമവാക്യങ്ങളിൽ ഇതിനു മാറ്റംവന്നിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റിലെ ഭൂരിഭാഗം മുതിർന്ന നേതാക്കളും ജില്ലാ സെക്രട്ടറിയോടൊപ്പമാണ്. ആനാവൂർ നാഗപ്പനും കടകംപള്ളി സുരേന്ദ്രനും ശക്തമായ സ്വാധീനമുള്ള ഏരിയ കമ്മിറ്റികളുമുണ്ട്.

പുതിയ ഏരിയ അംഗങ്ങളുടെയും സെക്രട്ടറിമാരുടെയും തിരഞ്ഞെടുപ്പുകളിൽ ഇതു പ്രതിഫലിക്കും. എന്നാൽ തിരഞ്ഞെടുപ്പടക്കമുള്ള രൂക്ഷമായ തർക്കങ്ങളിലേക്ക് സമ്മേളനങ്ങൾ മാറരുതെന്ന് പാർട്ടി കർശന നിർദേശം നൽകിയിട്ടുണ്ട്. ചില ഏരിയ സമ്മേളനങ്ങളിൽ വിഭാഗീയതയുണ്ടാവാനുള്ള സാധ്യതയുമുണ്ട്.

Post a Comment

0 Comments