Recent-Post

കെ.എന്‍.അശോക് കുമാറിനെ പ്രിസൈഡിംഗ് ഓഫീസറുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കി




തിരുവനന്തപുരം:
ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പ് സെക്ഷന്‍ ഓഫീസര്‍ കെ.എന്‍. അശോക് കുമാറിനെ തെരഞ്ഞെടുപ്പ് പ്രിസൈഡിംഗ് ഓഫീസറുടെ എല്ലാ ചുമതലയില്‍ നിന്നും ഒഴിവാക്കി. ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ചുമതലയുള്ള സബ്കളക്ടര്‍ ഡോ. അശ്വനി ശ്രീനിവാസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.


കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ സെക്രട്ടറി എന്ന നിലയില്‍ ‘കണ്ണാടി’ എന്ന പേരില്‍ ലഘുലേഖ വിതരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപി ഇലക്ഷന്‍ ലീഗല്‍ കണ്‍വീനര്‍ അഡ്വ.ജെ.ആര്‍.പത്മകുമാര്‍ പരാതി നല്‍കിയിരുന്നു. പരാതിയോടൊപ്പം ലഘുലേഖയുടെ പകര്‍പ്പും സമര്‍പ്പിച്ചു. ഈ ലഘുലേഖ 2024 ഫെബ്രുവരി മാസത്തിലാണ് പ്രസിദ്ധീകരിച്ചതെന്നും മാതൃകാ പെരുമാറ്റച്ചട്ടം ആരംഭിക്കുന്നതിന് മുമ്പ് 2024 മാര്‍ച്ച് ആദ്യ വാരത്തില്‍ തന്നെ ഇതിന്റെ വിതരണം പൂര്‍ത്തിയാക്കിയെന്നും ഹിയറിംഗിലും മൊഴിയിലും കെ.എന്‍. അശോക് കുമാര്‍ വാദിച്ചു.


അരുവിക്കര എല്‍എസിയില്‍ പ്രിസൈഡിംഗ് ഓഫീസറായി നിയമിച്ചിട്ടുണ്ടെന്നും ഒന്നാം തല പരിശീലനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രേഖകള്‍ പരിശോധിച്ച മാതൃകാ പെരുമാറ്റചട്ടം നോഡല്‍ ഓഫീസര്‍ കെ.എന്‍. അശോക് കുമാറിന്റെ വാദം തള്ളികളഞ്ഞു. ലഘുലേഖയുടെ പ്രസിദ്ധീകരണവും വിതരണവും എംസിസി ആരംഭിക്കുന്നതിന് മുമ്പാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ലഘുലേഖയിലെ കുറ്റപ്പെടുത്തുന്ന പ്രസ്താവനകള്‍ രാഷ്‌ട്രീയ പ്രചാരണത്തെ സൂചിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ പേരിലുള്ള ലഘുലേഖകള്‍ ഇപ്പോള്‍ പ്രചാരത്തിലില്ല എന്നോ രാഷ്‌ട്രീയ പ്രചാരണത്തിന് ലഭ്യമല്ലെന്നോ വിശ്വസിക്കാന്‍ കഴിയില്ല.


അതിനാല്‍ അദ്ദേഹത്തെ പ്രിസൈഡിംഗ് ഓഫീസറുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കേണ്ടത് തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് അനിവാര്യമാണെന്നും ഉത്തരവില്‍ പറയുന്നു. തെരഞ്ഞെടുപ്പ് പ്രിസൈഡിംഗ് ഓഫീസര്‍ എന്ന സുപ്രധാന പദവി വഹിക്കുന്ന അദ്ദേഹത്തിന്റെ വസ്തുനിഷ്ഠത, നിഷ്പക്ഷത എന്നിവയില്‍ ന്യായമായ സംശയം ഉണ്ടാക്കുമെന്ന് രേഖകളില്‍ നിന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിലാണ് കെ.എന്‍. അശോക് കുമാറിനെ പ്രിസൈഡിംഗ് ഓഫീസറുടെ ചുമതലയില്‍ നിന്നും എച്ച്പിസി 2024ലേക്കുള്ള പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റ് എല്ലാ ചുമതലകളില്‍ നിന്നും ഒഴിവാക്കാന്‍ അരുവിക്കര എല്‍എസി, നോഡല്‍ ഓഫീസര്‍, മാന്‍പവര്‍ മാനേജ്‌മെന്റ്, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറോട് നിര്‍ദേശിച്ചത്.

Post a Comment

0 Comments