നെടുമങ്ങാട്: നെടുമങ്ങാട് ടൗണിൽ ആറ് കടകൾ കുത്തിത്തുറന്ന് മോഷണം നടത്തി. ഒരേ സംഘത്തിൽപ്പെട്ട കള്ളന്മാരുടെ ദൃശ്യങ്ങൾ സി.സി.ടി.വി. ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. നെടുമങ്ങാട് കോടതിക്കു സമീപമുള്ള സുന്ദരം ഫ്ളവർ മാർട്ട്, റാംസസ് സ്റ്റുഡിയോ, ഗവ. കളമച്ചൽ കൈത്തറി, സജി ബേക്കറി, ബിസ്മി ഫാൻസി, ഡ്രൈ ഫ്രൂട്ട്‌സ് കട എന്നീ ആറു കടകളിലാണ് ചൊവ്വാഴ്ച രാത്രി മോഷണം നടന്നത്.
സുന്ദരം ഫ്ളവർ മാർട്ടിൽ ക്യാഷ് കൗണ്ടർ വെട്ടിപ്പൊളിച്ച് നാണയത്തുട്ടുകൾ ഉൾപ്പെടെ 15000 രൂപ മോഷ്ടിച്ചു. റാംസസ് സ്റ്റുഡിയോയിൽ വിലപിടിപ്പുള്ള ക്യാമറകൾ ഉണ്ടെങ്കിലും മേശവലിപ്പിൽനിന്ന് 1000 രൂപയും നാണയത്തുട്ടുകൾ സൂക്ഷിച്ചിരുന്ന പണപ്പെട്ടിയുമാണ് അപഹരിച്ചത്. കളമച്ചൽ കൈത്തറിയിലും സജി ബേക്കറിയിലും തട്ടുപൊളിച്ചിറങ്ങിയെങ്കിലും ഒന്നും മോഷ്ടിക്കപ്പെട്ടില്ല. ബിസ്മി ഫാൻസിയിൽ കയറിയ കള്ളന്മാർ സി.സി.ടി.വി. ക്യാമറകൾ മറച്ചശേഷമാണ് മേശയിൽനിന്ന് 20,000 രൂപ മോഷ്ടിച്ചത്.
ഫ്രൂട്ട്‌സ് കടയിലെത്തിയ മോഷ്ടാക്കൾ ജൂസ്, കശുവണ്ടിപ്പരിപ്പ്, ഇൗന്തപ്പഴം എന്നിവയും പണവും മോഷ്ടിച്ചു. സമീപദിവസങ്ങളിലാണ് നഗരത്തിലെ തന്നെ ജൂവലറി കുത്തിത്തുറന്ന് 15 പവൻ സ്വർണവും ഒരുലക്ഷം രൂപയുടെ വെള്ളി ആഭരണങ്ങളും മോഷ്ടിച്ചത്. ഇതിലെ പ്രതികളെ ഒരാഴ്ചയ്ക്കുള്ളിൽ പിടികൂടിയിരുന്നു. മോഷണം നടന്ന കടകളിൽ നെടുമങ്ങാട് പോലീസ് പരിശോധന നടത്തി. വിരലടയാള വിഭാഗവും സ്ഥലത്തെത്തി പരിശോധിച്ചു. കടയുടമകൾ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിനു കൈമാറിയിട്ടുണ്ട്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.