Recent-Post

സംസ്ഥാന ബജറ്റിൽ നെടുമങ്ങാട് മണ്ഡലത്തിന് 17 കോടി



നെടുമങ്ങാട്: സംസ്ഥാന ബജറ്റിൽ നെടുമങ്ങാട് മണ്ഡലത്തിന് ആനുകൂല്യങ്ങൾ, പുതിയ പദ്ധതികൾ എന്നീക്രമത്തിൽ 17 കോടി അനുവദിച്ചതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. മുനിസിപ്പൽ ടൗൺഹാളിന്റെ സമീപത്തെ മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ട ഭൂമി വാങ്ങി സ്വാതന്ത്ര്യസമരസ്മൃതി പാർക്കും ഓപ്പൺ ഓഡിറ്റോറിയവും ഉൾപ്പെടെ പശ്ചാത്തലസൗകര്യം ഒരുക്കുന്നതിന് അഞ്ചുകോടി. മുല്ലശ്ശേരി കരകുളം വേങ്കോട് റോഡ് ബി.എം., ബി.സി. നിലവാരത്തിൽ ഉയർത്തുന്നതിന് 1.5 കോടി. നെടുമങ്ങാട് ഫയർ സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന് 2.5 കോടി. പോത്തൻകോട് പഞ്ചായത്തിൽ കല്ലൂർ മഞ്ഞമല റോഡ് ബി.എം., ബി.സി. നിലവാരത്തിൽ വീതികൂട്ടി നവീകരിക്കുന്നതിന് ഒരുകോടി.


നെടുമങ്ങാട് മുനിസിപ്പാലിറ്റി റോഡുകൾ മെച്ചപ്പെടുത്തുന്നതിന് മൂന്നുകോടി എന്നിങ്ങനെ അനുവദിച്ചു. കൂടാതെ മഞ്ച, പേരുമല, പത്താംകല്ല് റോഡ്, ഇരുമരം കരുപ്പൂര് ഹൈസ്കൂൾ, മുടിപ്പുര ഖാദിബോർഡ് റോഡ്, കുഴിന്തറക്കോണം മൈലമൂട് കാവ്യോട്ടുമുകൾ റോഡ്, ഇരിഞ്ചയം കുശർകോട് എൻ.ഇ.എസ്. ബ്ലോക്ക് റോഡ്, വാണ്ട കണ്ണാറംകോട് ആലപ്പുറം നെട്ടറച്ചിറ റോഡ്, പൂവത്തൂർ ചെല്ലാങ്കോട് ആക്കോട്ടുപാറ റോഡ്, നെരിച്ചിലോട്ട്, കൊല്ലങ്കാവ് റോഡ് തുടങ്ങിയവയും മറ്റു ഗ്രാമീണ റോഡുകൾ നവീകരിക്കുന്നതിനുമായി 1.8 കോടി രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.


കരകുളം ഗ്രാമപ്പഞ്ചായത്തിലെ ചെക്കക്കോണം പാലം പുനരുദ്ധാരണം, വെമ്പായം ഗ്രാമപ്പഞ്ചായത്തിലെ കൊഞ്ചിറ മുടിപ്പുരദേവീക്ഷേത്രം റോഡ് നവീകരണം, മാണിക്കൽ ഗ്രാമപ്പഞ്ചായത്തിൽ സ്നേഹപുരം കാഞ്ഞാംപാറ, നേതാജിപുരം റോഡ് നവീകരണം, നെടുമങ്ങാട് നഗരസഭയിലെ പത്താംകല്ല് വി.ഐ.പി. ജങ്ഷനു സമീപത്തുള്ള കുന്നംപാലം നിർമാണം എന്നിവയ്ക്കായി 1.5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ടെൻഡർ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്കു നിർമാണജോലികൾ ആരംഭിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.

Post a Comment

0 Comments