Recent-Post

നാട്ടുകാരുടെ നേതൃത്വത്തിൽ നഗരസഭ ചെയർപേഴ്സന്റെ വാർഡിലെ റോഡ് ഉപരോധിച്ചു


 

നെടുമങ്ങാട്: വാളിക്കോട് - ദർശന ഹയർ സെക്കണ്ടറി സ്കൂളിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചു ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. രാവിലെ ഒൻപത് മണിയോടെ റോഡ് ഉപരോധിച്ചതോടെ നെടുമങ്ങാട് തിരുവനന്തപുരം സംസ്ഥാന പാതയിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. സ്കൂൾ വാഹനങ്ങളുൾപ്പെടെയുള്ള മറ്റു വാഹനങ്ങളും റോഡിൽ കുടുങ്ങിയതോടെ ഗതാഗതം താറുമാറായി. പൊലീസ് സ്ഥലത്തെത്തി സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കി. നഗരസഭ ചെയർപേഴ്സന്റെ വാർഡിലെ റോഡാണ് നാട്ടുകാർ ഉപരോധിച്ചത്.



നഗരസഭ ഫണ്ട് ഉപയോഗിച്ച് ടാറിംഗ് ചെയ്യുന്ന ഈ റോഡിന്റെ റീ ടാറിങ്ങിനു സ്ഥലം എം എൽ എയും മന്ത്രിയുമായ ജി ആർ അനിലിന്റെ ഫണ്ടിൽ നിന്ന് ഇരുപത് ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ റോഡ് പണി എങ്ങും എത്തിയില്ല. ടാറിംഗ് നടത്താതെ വന്നതോടെ റോഡ് തകർന്ന് തരിപ്പണമായി. ഇതോടെ അപകടങ്ങൾ നിത്യ സംഭവമായി. കാൽ നടയാത്രക്കാർക്ക് പോലും നടന്ന് പോകാൻ കഴിയാത്ത അവസ്ഥയിലാണ്. മഴ പെയ്താൽ റോഡിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകളാകും. അധികൃതരുടെ അവഗണയിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപികരിച്ച് റോഡ് ഉപരോധിച്ചത്. 


പോലീസ് അറസ്റ്റ് ചെയ്തു നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ച സമരക്കാർ വീണ്ടും നാട്ടുകാരുമായിചേർന്നു നഗരസഭാ കവാടത്തിന് മുൻപിൽ എത്തി ഉപരോധം തുടങ്ങി. ഒരു മണിക്കൂർ ഉപരോധം തുടർന്നു. തുടർന്ന് നഗരസഭാ അധികൃതരുമായി നടത്തിയ ചർച്ചയിൽ അടുത്ത വർഷം ജനുവരി 15നകം പണി പൂർത്തിയാക്കുമെന്ന് ഉറപ്പ് നൽകി. തുടർന്ന് സമരക്കാർ പിൻവാങ്ങി. എന്നാൽ 20 ലക്ഷം രൂപയ്ക്ക് റോഡ് പണി കരാർ എടുത്ത ആൾ പണികൾ ആരംഭിച്ചു എങ്കിലും പിന്നീട് ഉപേക്ഷിച്ചതാണ് പണി മുടങ്ങാൻ ഇടയാക്കിയതെന്നും പുതിയ കരാറുകാരനെ വച്ച് ഉടൻ തന്നെ റോഡ് പണികൾ പൂർത്തിയാകുമെന്നും നഗരസഭ ചെയർപേഴ്സൺ സി എസ് ശ്രീജ പറഞ്ഞു.


Post a Comment

0 Comments