Recent-Post

ചാന്ദ്രയാൻ 3; നിർണായകഘട്ടംകൂടി പൂർത്തീകരിച്ച്‌ ഐഎസ്‌ആർഒ



തിരുവനന്തപുരം:
ചാന്ദ്രയാൻ 3 ദൗത്യത്തിന്റെ ഒരു നിർണായകഘട്ടംകൂടി പൂർത്തീകരിച്ച്‌ ഐഎസ്‌ആർഒ. ചാന്ദ്രപ്രതലത്തിലിറങ്ങുന്നതിന്‌ മുന്നോടിയായി ലാൻഡർ ‘ഏകാന്തയാത്ര’ തുടങ്ങി. വ്യാഴം പകൽ ഒന്നരയോടെ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന്‌ ലാൻഡർ വേർപെട്ടു. ബംഗളൂരു ഇസ്‌ട്രാക്കിൽനിന്നുള്ള കമാൻഡുകൾ സ്വീകരിച്ച്‌ ത്രസ്റ്ററുകൾ ജ്വലിച്ചതോടെയായിരുന്നു വേർപിരിയൽ. 153 കി.മീറ്ററിനും 163 കി. മീറ്ററിനും ഇടയിലുള്ള ഭ്രമണപഥത്തിൽ ഇരു പേടകങ്ങളും സഞ്ചരിക്കുകയാണിപ്പോൾ. ലാൻഡറിലെ പരീക്ഷണ ഉപകരണങ്ങളുടെ ക്ഷമതാ പരിശോധന തുടർച്ചായി നടത്തുന്നുണ്ട്‌.



വെള്ളി വൈകിട്ട്‌ നാലിന്‌ പതിനാല്‌ സെക്കൻഡ്‌ ത്രസ്റ്റർ ജ്വലിപ്പിച്ച്‌ ലാൻഡറിനെ കുറച്ചു കൂടി ചന്ദ്രനിലേക്ക്‌ അടുപ്പിക്കും. പഥം താഴ്‌ത്തൽ ശനിയും തുടരും. ഇതോടെ ചാന്ദ്രപ്രതലത്തിലേക്കുള്ള കുറഞ്ഞ ദൂരം മുപ്പതു കിലോമീറ്ററാകും. തുടർന്ന്‌ നാലു ദിവസം 30നും 100 കിലോമീറ്ററിനും ഇടയിലുള്ള പഥത്തിൽ ലാൻഡർ ചന്ദ്രനെ ചുറ്റും.


ഇതിനിടെ സോഫ്‌റ്റ്‌ ലാൻഡ്‌ ചെയ്യുന്നതിനുള്ള ഒരുക്കം ആരംഭിക്കും. 23ന്‌ വൈകിട്ട്‌ 5.45നാണ്‌ ദക്ഷിണ ധ്രുവത്തിൽ ലാൻഡിങ്‌ നിശ്‌ചയിച്ചിരിക്കുന്നത്‌. ലാൻഡറിൽനിന്ന്‌ വേർപെട്ട പ്രൊപ്പൽഷൻ മൊഡ്യൂൾ വർഷങ്ങളോളം ചന്ദ്രനെ ഭ്രമണം ചെയ്യും. പരീക്ഷണ ഉപകരണമായ ഷേപ്പ്‌ ഉപയോഗിച്ച്‌ ഭൂമിയുടെ അന്തരീക്ഷം, മേഘങ്ങൾ തുടങ്ങിയവയെപ്പറ്റി പഠിക്കും.

Post a Comment

0 Comments