Recent-Post

എൻ.സി.സി ദേശീയ പരിശീലന കേന്ദ്രവും ഹെലിപ്പാഡും കല്ലറയിൽ; മന്ത്രി ആർ ബിന്ദു നിർമ്മാണോദ്ഘാടനം നിർവഹിക്കും




 

കല്ലറ: ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ കല്ലറയിൽ ആരംഭിക്കുന്ന എൻ.സി സി യുടെ ദേശീയ നിലവാരത്തിലുള്ള പരിശീലന കേന്ദ്രത്തിന്റെയും അതിനോടനു ബന്ധിച്ചുള്ള ഹെലിപാഡിൻ്റേയും നിർമ്മാണ ഉദ്ഘാടനം മെയ് 17ന് വൈകുന്നേരം 4 മണിക്ക് കല്ലറ ബസ് സ്റ്റാൻറ് ഗ്രൗണ്ടിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ഇതിൻ്റെ ഭാഗമായുള്ള സ്വാഗത സംഘം അഡ്വ.ഡി.കെ മുരളി എം.എൽ എ ഉദ്ഘാടനം ചെയ്തു. കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജി.ജെ ലിസിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നെടുമങ്ങാട് ആർ.ഡി ഒ, വി.ജയകുമാർ, എൻ സി സി, റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. സർക്കാരിൻ്റെ രണ്ടാം വാർഷികത്തോടനു ബന്ധിച്ചുള്ള നൂറുദിന പരിപാടിയിലുൾപ്പെടുത്തിയാണ് പരിശീലന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നിശ്ചയിച്ചിട്ടുള്ളത്.


അടിയന്തിര ഘട്ടങ്ങളിൽ സർക്കാരിനും ജില്ലാ ഭരണകൂടങ്ങൾക്കും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്ന വിധത്തിലാണ് പരിശീലന കേന്ദ്രം രൂപകൽപ്പന ചെയ്തിട്ടുള്ളത്. തിരുവനന്തപുരം കൊല്ലം ജില്ലാ അതിർത്തികളാടു ചേർന്ന് കല്ലറ ഗ്രാമ പഞ്ചായത്തിലെ പാട്ടറ പാങ്ങലുകുന്നിൽ റവന്യൂ വകുപ്പിൻറെ കീഴിൽ ഉപയോഗിക്കാതെ കിടന്നതും പാറക്കെട്ടുകൾ നിറഞ്ഞ് ചരിവുള്ളതുമായ എട്ടര ഏക്കർ സ്ഥലം പ്രയോജനപ്പെടുത്തിയാണ് പരിശീലന കേന്ദ്രം സ്ഥാപിക്കുന്നത്. മൂന്നര ഏക്കർ സ്ഥലത്തിൻ്റെ ഉപയോഗാനുമതി റവന്യൂ വകുപ്പിൽ നിന്ന് എൻ സി സി ക്ക് ഇതിനോടകം ലഭിച്ചു. ബാക്കിയുള്ള അഞ്ച് ഏക്കർ ഭൂമി കൈമാറുന്നതിന് റവന്യൂ വകുപ്പു മന്ത്രി അടിയന്തിര നിർദ്ദേശം നൽകിയിട്ടുണ്ട്.


കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 650 എൻ സി സി കേഡറ്റുകൾക്ക് ഒരേസമയം താമസിച്ച് പരിശീലനം നൽകുവാനുള്ള സംവിധാനങ്ങളോടെയാണ് പരിശീലന കേന്ദ്രം നിർമ്മിക്കുന്നത്. ഇവർക്ക് ആവശ്യമുള്ള പരിശീലന ഹാളുകൾ ഡോർമെറ്ററി, ഡൈനിങ് കം കോൺഫറൻസ് ഹാൾ, ക്യാമ്പ് ഓഫീസ്, ഫയറിങ് റേഞ്ച്, എന്നിവയും പർവ്വതാരോഹണം, ഡ്രിൽ, ട്രക്കിംഗ്, പാരച്ചൂട്ട് പരിശീലനം കര, നാവിക, വ്യോമ സേന വിഭാഗങ്ങളുടെ പ്രാഥമിക പരിശീലനം എന്നിവയുൾപ്പെടെ നൽകാനുള്ള സംവിധാനങ്ങളാണ് ഇവിടെ ഒരുക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ ഹെലികോപ്റ്ററുകൾക്ക് വന്ന് പോകാനുമുള്ള ഹെലിപാഡാണ് ഇവിടത്തെ പ്രധാന ആകർഷണീയത. പൊതു ജനങ്ങൾക്കായി രക്തദാന ക്യാമ്പ്,റോഡ് സുരക്ഷ, പ്രാഥമിക സുരക്ഷ, മൊബൈൽ കുറ്റകൃത്യങ്ങൾ, മദ്യം മയക്കുമരുന്ന് എന്നിവയ്ക്കെതിരെയുള്ള വിവിധ ബോധവൽക്കരണ ക്ലാസുകളും ഇവിടെ സജ്ജമാക്കുന്നുണ്ട്.

പരിശീലന കേന്ദ്രത്തിൻ്റെ മാസ്റ്റർ പ്ലാനും കെട്ടിടങ്ങളുടെ രൂപകൽപനയും പൊതുമരാമത്ത് ആർക്കിടെക്റ്റ് വിഭാഗം പൂർത്തിയാക്കിയിട്ടുണ്ട്. കെട്ടിട വിഭാഗമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. പരേഡ് ഗ്രൗണ്ട് ഹെലിപ്പാഡ്, എന്നിവ നിർമ്മിക്കുന്നതിന് രണ്ട് കോടിയുടെ സാങ്കേതികാനുമതി ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. പൊതുമരാമത്ത് കെട്ടിട വിഭാഗം ടെണ്ടർ നടപടി പൂർത്തീകരിക്കുന്ന മുറയ്ക്ക് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. പദ്ധതി നടപ്പിലാക്കുന്നതിന് എല്ലാ സഹായങ്ങളും നൽകാൻ കല്ലറ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. പരേഡ് ഗ്രൗണ്ടിലേക്കുള്ള റോഡ് സൗകര്യം കുടിവെള്ളം, വൈദ്യുതി തുടങ്ങിയവ പഞ്ചായത്ത് ഉറപ്പാക്കുന്നുണ്ട്.

വാമനപുരം എം.എൽ എ അഡ്വ.ഡി.കെ മുരളിയുടെ നേത്രുത്വത്തിൽ സർക്കാരിൽ നടത്തിയ നിരന്തര ഇടപെടലിൻ്റെ ഭാഗമായാണ് ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഇടപെട്ട് പദ്ധതി ആരംഭിക്കാൻ തീരുമാനമായത്. വാമനപുരം മണ്ഡലത്തിൽ ആരംഭിക്കുന്ന മറ്റൊരു സ്വപ്നപദ്ധതി കൂടി യാഥാർത്ഥ്യമാകുന്നതിലൂടെ വൻ വികസന പുരോഗതി കൈവരിക്കാനും സർക്കാരിൻ്റെ ദുരന്തനിവാരണത്തിനായുള്ള ജില്ലയുടെ ഹബ്ബായി കല്ലറ പഞ്ചായത്ത് മാറുമെന്ന് എംഎൽഎ പറഞ്ഞു.

Post a Comment

0 Comments