Recent-Post

അഴിമതി കേസിലെ പ്രതിയായ നഗരസഭാ സെക്രട്ടറിയെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം



 

തിരുവനന്തപുരം: അഴിമതി കേസിലെ പ്രതിയെ സർക്കാർ സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം. കൈക്കൂലി കേസിൽ പിടിയിലായ തിരുവല്ല നഗരസഭാ മുൻ സെക്രട്ടറി നാരായണനെതിരായ പരാതികൾ അട്ടിമറിച്ചുവെന്നാണ് ആരോപണം. നാരായണൻ മുൻപ് നെടുമങ്ങാടും ചെങ്ങന്നൂരും നഗരസഭകളിൽ സെക്രട്ടറിയായിരുന്നപ്പോൾ ഉയർന്ന ആരോപങ്ങളും വിജിലൻസ് പരിശോധിക്കുന്നുണ്ട്.




ഒരു കരാറുകാരനിൽ നിന്നും 25,00O രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് നാരായണൻ പിടിയിലായത്. കേസിലെ പരാതിക്കാരന് നാരായണന്റെ ഭാഗത്ത് നിന്ന് ഭീഷണിയുണ്ടെന്ന് വിജിലൻസ് കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നാരായണന്റെ സ്വത്ത് സമ്പാദനവും സാമ്പത്തിക ഇടപാടുകളും പരിശോധിക്കണമെന്ന് നെടുമങ്ങാട് മുനിസിപ്പാലിറ്റി ഏകകണ്ഠമായി പ്രമേയവും പാസാക്കിയിരുന്നു.


ഇതുകൊണ്ടൊന്നും ഫലമുണ്ടായില്ല. നാരായണനെതിരായ കേസുകളിൽ അന്വേഷണം എങ്ങുമെത്തിയില്ല. വ്യവസായിയിൽ നിന്ന് ആറ് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നത്. കേസെടുത്ത് വിശദമായ അന്വേഷണം നടത്താൻ വിജിലൻസ് ശുപാർശ നൽകിയെങ്കിലും സർക്കാർ അനുമതി നൽകിയില്ല.

അനധികൃത സ്വത്തു സമ്പാദന കേസ് ഉദ്യോഗസ്ഥന് കൈക്കൂലി നൽകി അട്ടിമറിച്ചുവെന്നും ആരോപണമുണ്ട്. തനിക്കെതിരായ കേസുകൾ നാരായണൻ അട്ടിമറിക്കുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയതോടെ വിജിലൻസ് കോടതി നാരായണന്റെ റിമാന്റ് കാലാവധി നീട്ടി.

Post a Comment

0 Comments