തിരുവനന്തപുരം: രൂപം മാറ്റിയ ബൈക്കുകളിൽ അമിതവേഗത്തിൽ സഞ്ചരിക്കുകയും അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 53 ഇരുചക്രവാഹനങ്ങൾ പിടിച്ചെടുത്തു. പോലീസും മോട്ടോർ വാഹനവകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നടത്തിയ പരിശോധനയിൽ 6,37,350 രൂപ പിഴയായി ഈടാക്കി. 85 പേരിൽ നിന്നാണ് പിഴ ഈടാക്കിയത്. തിരുവനന്തപുരം റൂറൽ ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ തുക പിഴയായി ഈടാക്കിയത് - 1,66,500 രൂപ. വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയ 37 പേരുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്തു.
ട്രാഫിക്ക് വിഭാഗം ഐ.ജി എ.അക്ബറിൻറെ നിർദ്ദേശപ്രകാരം സൗത്ത് സോൺ ട്രാഫിക്ക് എസ്.പി എ.യു സുനിൽ കുമാർ, നോർത്ത് സോൺ ട്രാഫിക്ക് എസ്.പി ഹരീഷ് ചന്ദ്ര നായിക് എന്നിവരുടെ നേതൃത്വത്തിലാണ് സംസ്ഥാനവ്യാപകമായി പരിശോധന നടത്തിയത്.
അഭ്യാസപ്രകടനങ്ങൾ നടത്തുന്നവർ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോകൾ കണ്ടെത്തി അവയിൽ നിന്ന് ഇരുചക്രവാഹനങ്ങളേയും അവയുടെ ഉടമകളേയും തിരിച്ചറിഞ്ഞാണ് പ്രത്യേക പരിശോധന നടത്തിയത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.