Recent-Post

യുവതിയുടെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിനടിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി



 

ഇടുക്കി: കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിനടിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ പി.ജെ. വൽസമ്മ എന്ന അനുമോളുടെ മൃതദേഹമാണ് പുതപ്പുകൊണ്ട് പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകം ആണെന്നാണ് പൊലീസ് നിഗമനം. അതേസമയം ഭർത്താവ് ബിജേഷിനെ കാണതായത് ദുരൂഹത വർദ്ധിപ്പിക്കുന്നു.




സംഭവങ്ങളുടെ തുടക്കം കഴിഞ്ഞ ഞായറാഴ്ച മുതലാണ്. വത്സമ്മയെ കാണാനില്ലെന്ന് കാട്ടി ബിജേഷും യുവതിയുടെ കുടുംബാംഗങ്ങളും ഞായറാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി നൽകാൻ പോകുന്നതിന് മുൻപ് യുവതിയുടെ കുടുംബം ബിജേഷിന്റെ വീട്ടിൽ വരികയും അമ്മ ഫിലോമിന കിടപ്പുമുറിയിൽ കയറാൻ ശ്രമിച്ചപ്പോൾ ബിജേഷ് പിന്തിരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്ന് കുടുംബത്തിന് സംശയമൊന്നും തോന്നിയില്ല. പിന്നാലെ കട്ടപ്പന പൊലീസിൽ ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകുകയും ചെയ്തു. പരാതി നൽകിയതിന് പിന്നാലെ ബിജേഷിനെയും കാണാതായി. വത്സമ്മയുടെ മാതാപിതാക്കൾ ഇവരുടെ വീട്ടിൽ എത്തിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നതാണ് കണ്ടതോടെയാണ് ബിജേഷിനെ കാണാനില്ലെന്ന വിവരം മനസ്സിലായത്. യുവതിയുടെ സഹോദരനും അച്ഛനും ചേർന്ന് പിൻവശത്തെ വാതിൽ തകർത്ത് അകത്തു കയറി പരിശോധിച്ചപ്പോൾ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ നിന്ന് മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ നിലയിൽ കണ്ടെത്തി. പിന്നാലെ പൊലീസിനെ വിവരം അറിയിച്ചു . കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിലെത്തി പരിശോധന നടത്തി.

ഭർത്താവ് ബിജേഷ് വത്സമ്മയെ കൊലപ്പെടുത്തിയത് ആകാമെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ ഇക്കാര്യം ഉറപ്പിക്കാൻ കൂടുതൽ അന്വേഷണം ആവശ്യമാണെന്നാണ് പൊലീസ് വിശദീകരണം. ഇരുവരും തമ്മിൽ ഏറെ നാളായി പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. കാണാതായ ഭർത്താവ് ബിജേഷിനായി പൊലീസ് തിരച്ചിൽ തുടങ്ങി. അതേസമയം, ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തും. കോൺവെന്‍റ് നഴ്സറി സ്കൂളിലെ അധ്യാപികയാണ് മരിച്ച 27 കാരിയായ വത്സമ്മ. ബിജേഷിനും വൽസമ്മക്കും അഞ്ചുവയസ്സുള്ള മകളുണ്ട്.

Post a Comment

0 Comments