Recent-Post

പട്ടാപകൽ വീട് കുത്തിതുറന്ന് 8.65 ലക്ഷം രൂപയും 32 പവൻ സ്വർണവും കവർന്ന കേസിൽ ആറു പേർ അറസ്റ്റിൽ




അരുവിക്കര: ചെറിയകൊണ്ണിയിൽ പട്ടാപകൽ വീട് കുത്തിതുറന്ന് 8.65 ലക്ഷം രൂപയും 32 പവൻ സ്വർണവും കവർന്ന കേസിൽ ആറു പേർ അറസ്റ്റിൽ. സംഭവത്തിൽ ജപ്പാൻ ജയൻ എന്ന പ്രതിയെ നേരത്തെ പിടികൂടിയിരുന്നു. മറ്റ് പ്രതികൾ ഇടുക്കിയിലേക്ക് കടക്കുകയും അവിടെ നിന്നും തമിഴ് നാട്ടിലെയും, കർണാടകയിലെയും, പല സ്ഥലങ്ങളിലും ആർഭാട ജീവിതം നയിച്ച ശേഷം വീണ്ടും ഇടുക്കിയിൽ എത്തി എന്ന വിവരത്തെ തുടർന്ന് തൂക്കുപലത്ത് എത്തിയപ്പോൾ പ്രതികൾ അവിടെ നിന്നും ഒരു ടവേര കാർ വിലക്ക് വാങ്ങി തിരുവനന്തപുരം ഭാഗത്തേക്ക്‌ സഞ്ചരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പിന്തുടർന്ന അന്വേഷണം സംഘം പിരപ്പൻകോട് ഭാഗത്തു വച്ച് പ്രതികളെ പിടികൂടുകയായിരുന്നു.





വട്ടിയൂർക്കാവ് കടയിൽ മുടുമ്പു പഴവിളാകത്ത് വീട്ടിൽ കൊപ്ര ബിജു എന്ന രാജേഷ് (42), പേരൂർക്കട മൂന്നാമൂട് പുലരി നഗർ സൗമ്യ ഭവനിൽ സുരേഷ്(38), വട്ടിയൂർക്കാവ് കൊടുങ്ങാനൂർ മുള്ളംചാണി അനിൽ ഭവനിൽ അനിൽകുമാർ(ജിമ്മി, 46), കരകുളം അഴിക്കോട് മലയം ചെക്കക്കോണം പണയിൽ സുനീറ മൻസിലിൽ സുനീർ(38), ഇടുക്കി കർണാപുരം കൂട്ടാർ പോസ്റ്റൽ അതിർത്തിയിൽ ചേലമൂട് രാജേഷ് ഭവനിൽ രേഖ(33), പാലോട് പച്ച തോട്ടുംപുറം കിഴക്കുംകര വീട്ടിൽ അഖിൽ(23) എന്നിവരെയാണ് ബുധനാഴ്ച പുലർച്ചെ 5 മണിയോടെ ഷാഡോ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇടുക്കിയിൽ നിന്നും മറ്റൊരു മോഷണം ലക്ഷ്യമിട്ട് തിരുവനന്തപുരത്തേയ്ക്ക് വരുന്നതിനിടയിലാണ് ഇവർ പിടിയിലായത്.


അരുവിക്കരയിൽ ഭക്ഷ്യ സുരക്ഷ ജീവനക്കാരിയുടെ വീട്ടിലാണ് മോഷണം നടന്നത്.മോഷണത്തിനായി ഉപയോഗിച്ച കാർ ഇടുക്കിയിൽ നിന്നും വാടകയ്ക്ക് എടുത്ത ശേഷം വ്യാജ നമ്പർ ബോർഡ്‌ ഒട്ടിച്ച് എത്തിയാണ് മോഷണം നടത്തിയത്. മോഷണത്തിനു ശേഷം കാർ തിരികെ ഇടുക്കിയിൽ കൊണ്ടുപോയി കൊടുത്തു. തുടർന്ന് മോഷ്ടിച്ച പണം കൊണ്ട് മറ്റൊരു കാർ വാങ്ങി മോഷണം നടത്താൻ പദ്ധതി ഇടുമ്പോഴാണ് ഇവരെ പിടികൂടുന്നത്. പിടിയിലായവരിൽ നിന്നും കുറച്ച് സ്വർണ്ണാഭരണം കണ്ടെത്തിയിട്ടുണ്ട്. ബാക്കി ഇടുക്കിയിൽ പല സ്ഥലങ്ങളിൽ പണയം വച്ചിട്ടുണ്ട്.




തിരുവനന്തപുരം റൂറൽ എസ്പി ഡി.ശില്പ ഐപിഎസ്, നെടുമങ്ങാട് ഡി വൈ എസ് പി സ്റ്റുവർട്ട് കീലർ, നാർകോട്ടിക് ഡിവൈഎസ്പി വി.ടി. രാസിത് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിൽ അരുവിക്കര ഇൻസ്‌പെക്ടർ ഡി.ഷിബുകുമാർ, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.


Post a Comment

0 Comments