ശബരിമല: കാണിക്കയായി കിട്ടിയ നാണയമെണ്ണി തീർക്കാനാകാതെ ജീവനക്കാര്‍. അറുന്നൂറിലധികം ജീവനക്കാര്‍ തുടര്‍ച്ചയായി 69 ദിവസം എണ്ണിയിട്ടും തീരാതെ നാണയങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. എണ്ണിത്തീരാതെ ഇവര്‍ക്കു പോരാനുമാകില്ല. അതിനാല്‍ ഇവര്‍ക്ക് അവധി നല്‍കാന്‍ ബോര്‍ഡ് പ്രത്യേക തീരുമാനമെടുക്കേണ്ട അവസ്ഥയിലാണ്.
നോട്ടുകള്‍ എണ്ണിത്തീര്‍ന്നെങ്കിലും നാണയത്തിന്റെ മൂന്നു കൂനകളില്‍ ഒന്നു മാത്രമാണുതീര്‍ന്നത്. ഈ നിലയിലാണെങ്കില്‍ എണ്ണിത്തീരാന്‍ രണ്ടുമാസംകൂടിയെടുക്കും. ഇതിനിടെ ഡെങ്കിപ്പനി, ചിക്കന്‍പോക്‌സ് എന്നിവ ബാധിച്ചവര്‍ ചികിത്സയ്ക്കായി പോകുകയും ചെയ്തു. ശബരിമലയില്‍ സ്‌പെഷ്യല്‍ ജോലിക്കുപോയ ജീവനക്കാര്‍ മടങ്ങിയെത്താത്തത് നാട്ടിലെ ക്ഷേത്രങ്ങളെയും ബാധിച്ചിരിക്കുകയാണ്. മിക്കയിടങ്ങളിലും ഉത്സവം നടക്കുകയാണ്. അതിനാല്‍ ശബരിമലയിലേക്കു നല്‍കിയവരെ തിരികെ അയക്കണമെന്ന് അതത് ദേവസ്വം ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പമ്പ, എരുമേലി, നിലയ്ക്കല്‍, പന്തളം എന്നിവിടങ്ങളില്‍ ജോലിക്കായി അയച്ചവരെയാണ് നാണയമെണ്ണാനും നിയോഗിച്ചത്. മകരവിളക്കു കഴിഞ്ഞും കാണിക്കയെണ്ണുന്നതുകൂടി കണക്കാക്കി 20 വരെയായിരുന്നു ഡ്യൂട്ടി നിശ്ചയിച്ചിരുന്നത്. ഇതു നീട്ടിക്കൊടുത്തിരിക്കുകയാണ്. കാണിക്കയായി കിട്ടിയ കറന്‍സിയുടെ എണ്ണല്‍ കഴിഞ്ഞദിവസം പൂര്‍ത്തിയായി. നോട്ടും നാണയവും ചേര്‍ന്ന് 119 കോടിയാണ് ഇതുവരെ എണ്ണിത്തീര്‍ന്നത്. ഇനി 15-20 കോടിയോളം രൂപയുടെ നാണയം എണ്ണിത്തീരാനുണ്ടെന്നു കണക്കാക്കുന്നു.
രാവിലെ മുതല്‍ ഒമ്പതുമണിക്കൂര്‍ തുടര്‍ച്ചയായാണ് നാണയമെണ്ണുന്നത്. സ്റ്റൂളില്‍ ഇരുന്നാണു ജോലി. ഒന്ന്, രണ്ട്, അഞ്ച്, പത്ത് രൂപ നാണയങ്ങള്‍ വേര്‍തിരിക്കാനായി യന്ത്രത്തിലിട്ടശേഷം ഇത് അന്നദാനമണ്ഡപം, പുതിയഭണ്ഡാരം, പഴയഭണ്ഡാരം എന്നിവിടങ്ങളിലെത്തിച്ച് എണ്ണിത്തിട്ടപ്പെടുത്തുകയാണു ചെയ്യുന്നത്. ഇതിനിടയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇടയ്ക്കിടെവന്ന് ജീവനക്കാരെ പരിശോധിക്കുകയും ചെയ്യും.
ശബരിമല സ്‌പെഷ്യല്‍ ഡ്യൂട്ടിക്കെത്തിയ ജീവനക്കാര്‍ ഭണ്ഡാരത്തിലെ നാണയങ്ങള്‍ മുഴുവന്‍ എണ്ണിത്തീര്‍ന്നിട്ടേ പോകാവൂവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നവംബര്‍ 14 മുതല്‍ ഇവിടെ ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ സേവനം ഒരാഴ്ച കൂടി നീട്ടിയിരിക്കുകയാണ്. 25-നകം നാണയങ്ങള്‍ എണ്ണിത്തീരുമെന്നാണ് ദേവസ്വം ബോര്‍ഡ് പറഞ്ഞിരുന്നത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.