Recent-Post

അരുവിക്കരയിൽ രാത്രിയുടെ മറവിൽ മാലിന്യ നിക്ഷേപം പതിവാകുന്നു



അരുവിക്കര: മുള്ളിലവിൻമൂട് - കാഞ്ചിക്കാവിള റോഡിൽ മാലിന്യ നിക്ഷേപം സ്ഥിരമാകുന്നു. അരുവിക്കര ഡാമിന്റെ റിസർവോയർ പ്രദേശത്തുകൂടി കടന്നുപോകുന്ന റോഡാണിത്. ഡാമിന്റെ റിസർവേയർ പരിസരം മുഴുവനായും വേലി കെട്ടി അടച്ചതോടുകൂടി ഇതുവഴിയുള്ള വിനോദ സഞ്ചാരികളുടെ യാത്രയും കുറഞ്ഞു.



ഈ സാഹചര്യം മുതലെടുത്താണ് ഇവിടെ സാമൂഹ്യ വിരുദ്ധർ മാലിന്യ നിക്ഷേപം നടത്തുന്നത്. വേലിയിൽ മുഴുവൻ കാട് കയറി നശിക്കുകയും ഇവയിൽ പാമ്പുകളുടെ ശല്യം ക്രമാതീതമായി വർദ്ധിക്കുകയും ചെയ്തതോടു കൂടി ഇതുവഴിയുള്ള കാൽനടയാത്ര പോലും ദുരിതപൂർണമാണ്. വാട്ടർ അതോറിറ്റിയുടെ സംരക്ഷിത മേഖലയിൽ കൂടിയാണ് റോഡ് കടന്നുപോകുന്നത്. ആയതിനാൽ തന്നെ തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്. നാട്ടുകാരുടെ ജീവന് ഏതൊരുവിലയും നൽകാൻ അധികാരികൾക്ക് സാധിക്കാതെ വരുന്നു. രാത്രി സമയങ്ങളിലാണ് കൂടുതലായും മാലിന്യ നിക്ഷേപം നടക്കുന്നത്.


ഈ പ്രദേശങ്ങളിൽ നിരീക്ഷണ ക്യാമറകൾ ഇല്ലാത്തതും വഴിയോര വിളക്കുകൾ കൃത്യമായി കത്താത്തതുമാണ് മാലിന്യനിക്ഷേപ സ്ഥലമാക്കി മാറ്റാൻ സാമൂഹ്യ വിരുദ്ധരെ പ്രേരിപ്പിക്കുന്നത്. ഉടൻ അധികാരികൾ ഇതിനൊരു പരിഹാരം കണ്ടില്ലെങ്കിൽ ഇവിടം മറ്റൊരു വിളപ്പിൽശാലയാകുമെന്ന് നാട്ടുകാർ പറഞ്ഞു. ഇതിനെതിരെ അധികൃതരുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നാട്ടുകാർ അറിയിച്ചു.

 

Post a Comment

0 Comments