ആര്യനാട്: ആര്യനാട്ട് വൻവാറ്റു കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. ആര്യനാട്- ചെറുമഞ്ചൽ വിരിപ്പന്നി കൊമ്പൊടിഞ്ഞ കട്ടയ്ക്കാലിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് വാറ്റുകേന്ദ്രം കണ്ടെത്തിയത്. അഞ്ഞൂറ് ലിറ്റർ കോടയും 2 ലിറ്റർ ചാരായവും കണ്ടെത്തി നശിപ്പിച്ചു. പുതുവത്സരത്തോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫിസിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്ത വാറ്റുപകരണങ്ങളാണ് എക്സൈസിന്റെ വണ്ടിയിൽ കെട്ടിത്തൂക്കി കൊണ്ടുപോയത്.

ആര്യനാട്, ചെറുമഞ്ചൽ, വിരിപ്പന്നി, കൊമ്പൊടിഞ്ഞ കട്ടയ്ക്കാൽ എന്നീ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ കരമനയാറിന്റെ കിഴക്കരുകിലുള്ള ഈറക്കാട്ടിൽനിന്നാണ് വാറ്റുകേന്ദ്രം പിടികൂടിയത്.
വൻതോതിൽ ചാരായം വാറ്റുവാനായി പ്ലാസ്റ്റിക് കുടങ്ങളിലും വാറ്റുകാർക്കിടയിൽ പെരുമ്പാമ്പ് എന്നറിയപ്പെടുന്ന വലിയ പ്ലാസ്റ്റിക് കവറുകളിലുമായി സൂക്ഷിച്ച 520 ലിറ്റർ കോടയും വില്പന നടത്താൻ സൂക്ഷിച്ച 2ലിറ്റർ ചാരായവും കണ്ടെടുത്തു. പരിശോധനയിൽ 10,000 രൂപയുടെ വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായും അന്വേഷണം തുടരുന്നതായും എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അറിയിച്ചു. അബ്കാരി നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.