Recent-Post

ആരോഗ്യപ്രവർത്തകരെ മർദ്ദിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ സൈനികൻ വീടുകയറി വീട്ടമ്മയെയും മകനെയും മർദ്ദിച്ച സംഭവത്തിൽ റിമാൻഡിലായി




കല്ലറ: കല്ലറയിൽ ആരോഗ്യപ്രവർത്തകരെ മർദ്ദിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ സൈനികൻ വീടുകയറി വീട്ടമ്മയെയും മകനെയും മർദ്ദിച്ച സംഭവത്തിൽ റിമാൻഡിലായി. ഭരതന്നൂർ കൊച്ചാനക്കല്ലുവിള സ്വദേശി വിമൽവേണു(29)ആണ് റിമാൻഡിലായത്. രണ്ടാഴ്ച്ച മുമ്പ് കല്ലറയിലെ സ്വകാര്യ ആശുപത്രിയിൽ ആരോഗ്യപ്രവർത്തകരെ മർദ്ദിക്കുകയും പോലിസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്ത കേസിൽ പ്രതിയാണ് വിമൽ വേണു. ജയിൽ വാസത്തിന് ശേഷം ഉപാധികളോടെ ജാമ്യത്തിലിരിക്കെയാണ് വിമൽ വീണ്ടും അതിക്രമം കാട്ടിയത്.




കഴിഞ്ഞ ദിവസം രാത്രി എട്ടരെയോടെയാണ് വിമൽ കൊച്ചാനക്കല്ലിലെ വീട്ടിൽ അതിക്രമിച്ചുകയറിയത്. മദ്യപിച്ച് വീട്ടിലെത്തിയ വിമൽ ഭർത്താവിനെ അന്വേഷിച്ചു. സ്ഥലത്തില്ലെന്ന് മറുപടി നൽകിയതോടെ വീടിന്റെ വാതിൽ ചവിട്ടി തുറന്നു. തുടർന്ന് വീട്ടമ്മയെ അസഭ്യം പറയുകയും പിടിച്ചുതള്ളുകയും ചെയ്തു. ബഹളംകേട്ട് എത്തിയ നാട്ടുകാരാണ് വിമലിനെ പിടികൂടി പാങ്ങോട് പോലിസിനെ ഏൽപ്പിച്ചത്. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പാങ്ങോട് പോലീസ് കേസ് എടുത്തത്. വീട്ടിൽ അതിക്രമിച്ച് കയറി, വീട്ടമ്മയെ ഉപദ്രവിച്ചു, മകനെ ഭീഷണി പ്പെടുത്തി, സ്ത്രീയെ അപമാനിച്ച എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


ഈ മാസം പത്തിനാണ് ഇയാൾ ഡോക്ടറെ ആക്രമിച്ചത്. കല്ലറയിലെ ആശുപത്രിയിൽ വച്ച് കാലിലെ മുറിവ് എങ്ങിനെയുണ്ടായെന്ന ഡോക്ടറുടെ ചോദ്യത്തിൽ പ്രകോപിതനായ ഇയാൾ ജീവനക്കാരെയും ഡോക്ടറെയും ആക്രമിക്കുകയായിരുന്നു. ആശുപത്രി അധികൃതർ പോലീസിനെ വിളിച്ചു. പോലീസെത്തിയപ്പോഴേക്കും ഇവിടെ നിന്ന് കടന്ന പ്രതിയെ രണ്ട് ദിവസത്തിന് ശേഷം പത്തനംതിട്ട കോന്നിയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവിടെ സുഹൃത്തിന്റെ റബ്ബർ തോട്ടത്തിലെ ഷെഡിനകത്ത് ഒളിച്ചു താമസിക്കുകയായിരുന്നു ഇയാൾ.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

അസമിൽ സൈനികനായ വിമൽ അവധിക്ക് എത്തിയപ്പോഴാണ് ഈ സംഭവം. സൈനിക ഉദ്യോഗസ്ഥർ പോലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. തിരവനന്തപുരത്ത് എത്തിച്ച വിമലിനെ സംഭവം നടന്ന ആശുപത്രിയിൽ അടക്കം എത്തിച്ച് തെളിവെടുത്ത ശേഷം കോടതിയിൽ ഹാജരാക്കി. പിന്നീട് റിമാന്റിൽ കഴിഞ്ഞ പ്രതിയെ കർശന ഉപാധികളോടെയാണ് കോടതി ജാമ്യത്തിൽ വിട്ടത്. വീണ്ടും സ്ത്രീകളെ ആക്രമിച്ചതോടെ ജാമ്യവ്യവസ്ഥ ലംഘിക്കപ്പെട്ടതായി കൂടി ഇനി പോലീസ് കോടതിയെ അറിയിച്ചു. അടുത്ത ദിവസം ജോലിക്കായി തിരിച്ചു പോകനിരിക്കെയാണ് സൈനികൻ മറ്റെരു കേസിൽ വീണ്ടും അറസ്റ്റിലായിരിക്കുന്നത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments