Recent-Post

ഡിജിപിയുടെ സർക്കുലർ ഇതുവരെയും നടപ്പായില്ല; കല്ലമ്പാറയിലെ തൊണ്ടി വാഹനങ്ങൾ ബുദ്ധിമുട്ടുണ്ടാക്കുന്നു

നെടുമങ്ങാട്: തിരക്കേറിയ തിരുവനന്തപുരം - ചെങ്കോട്ട പാതയിൽ വിവിധ കേസുകളിളിൽ മറ്റും പോലീസും മോട്ടോർ വാഹന വകുപ്പും കസ്റ്റഡിയിൽ എടുക്കുന്ന നിരവധി വാഹനങ്ങൾ റോഡിന്റെ ഇരുവശങ്ങളിലും പാർക്ക് ചെയ്യുന്നത് മൂലം യാത്രാ ബുദ്ധിമുട്ടുണ്ടാകുന്നു. കല്ലംമ്പാറ - ഹൗസിംഗ്ബോർഡ് റോഡിലാണ് വാഹനങ്ങൾ കൊണ്ടിട്ട് യാത്രാ തടസ്സം സൃഷ്‌ടിച്ചിരിക്കുന്നത്. നിത്യേനെ നൂറുകണക്കിന് വാഹനങ്ങളും വിദ്യാർത്ഥികളും മറ്റ് യാത്രക്കാരും നടന്നു പോകുന്ന വഴിയിലാണ് ഈ അനധികൃത പാർക്കിംഗ്.



വാഹനങ്ങൾ മാസങ്ങളോളം ഇവിടെ പാർക്ക് ചെയ്തിരിക്കുന്നത് മൂലം ഇഴജന്തുക്കളും തെരുവ് നായ്ക്കളും വാഹനങ്ങൾക്കുളളിൽ സ്ഥിരതാമസമാക്കുകയും വഴിയാത്രക്കാരായ ജനങ്ങൾക്ക് ശല്യമുണ്ടാക്കുകയും ചെയ്യുന്നു.ഇവിടെ നിന്ന് പലർക്കും ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും കടിയും ഏറ്റിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾ മുതൽ ജെ.സി.ബി വരെ ഇവിടെ പാർക്ക് ചെയ്തിരിക്കുന്നു. മാസങ്ങൾക്കു മുമ്പ് രാത്രിയിൽ ഇവിടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ വൻ തീപിടുത്തമുണ്ടായി ലക്ഷങ്ങളുടെ നഷ്ടത്തിനും ഇടയായിണ്ടുണ്ട്. യാതൊരുവിധ സുരക്ഷാസംവിധാനങ്ങളും ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ ഇവിടെ പാർക്ക് ചെയ്തിട്ടുളള വാഹനങ്ങളിൽനിന്ന് വിലകൂടിയ വാഹന സ്പെയർപാർട്സുകൾ എടുത്ത് കൊണ്ടുപോകുന്നതും നിത്യസംഭവമാണ്.


മുൻപ് പഴയ താലൂക്ക് ഓഫീസിന് സമീപം പാർക്കുചെയ്തിരുന്ന വാഹനങ്ങളാണ് അവിടെ നിന്ന് മാറ്റി കല്ലംമ്പാറയ്ക്ക് സമീപം കൊണ്ട് വന്ന് കൂട്ടിയിട്ടിരിക്കുന്നത്. 2021 ജൂണിൽ പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റയുടെ ഉത്തരവുപ്രകാരം സ്റ്റേഷൻ പരിസരങ്ങളിലും ഗതാഗത തടസ്സം സൃഷ്ടിക്കുന്ന റോഡുകൾക്ക് ഇരുവശങ്ങളിലും പാർക്ക് ചെയ്തിട്ടുള്ള വാഹനങ്ങൾ എടുത്തു മാറ്റണം എന്ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരവൊന്നും കണക്കിലെടുക്കാതെ വഴിയാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചുകൊണ്ട് ഇപ്പോഴും പഴയ നില തന്നെ തുടരുകയാണ്. സമീപവാസികളായ താമസക്കാർക്ക് തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെയും ശല്യം ഈ ഭാഗത്തുനിന്ന് ദിവസേന വർദ്ധിച്ചുവരുന്നതായാണ് സമീപവാസികൾ പറയുന്നത്. കാൽനട യാത്രക്കാരാണ് കൂടുതലും ബുദ്ധിമുട്ട് അനുഭവിക്കുന്നത് റോഡിലൂടെ വാഹങ്ങൾ കടന്നുവരുമ്പോൾ മാറിനിൽക്കാൻ പോലും ഇടമില്ലാതെ കഷ്ടപ്പെടുകയാണ് കാൽനടക്കാർ.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

അനധികൃത പാർക്കിംഗ് ബ്ലോക്ക്‌ ഉണ്ടാകാനും കാരണമാകുന്നുണ്ട്. അധികാരികൾക്ക് പിടിച്ചെടുക്കുന്ന വാഹനങ്ങൾ കൊണ്ട് ഇടാൻ നിർദ്ദിഷ്ടമായ സ്ഥലം ഇല്ലാത്തതാണ് ഈ പ്രശ്നങ്ങൾക്ക് കാരണം. അടിയന്തിരമായി ഇവിടെ സ്ഥാപിച്ചിട്ടുളള അനധികൃത വാഹനങ്ങൾ എടുത്തു മാറ്റുവാൻ അടിയന്തര നടപടി ഉണ്ടാകണം എന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

 
  


    
    

    




Post a Comment

0 Comments