പൊതുജനങ്ങൾക്ക് പുതുവത്സര സമ്മാനമായി പഴകുറ്റിപ്പാലം തുറന്നു കൊടുക്കുമെന്ന് സ്ഥലം എം.എൽ.എയും മന്ത്രിയുമായ അഡ്വ. ജി.ആർ.അനിൽ പറഞ്ഞു. നിർമ്മാണ പുരോഗതി വിലയിരുത്താൻ ഇന്നലെ രാവിലെ പഴകുറ്റി പാലം സന്ദർശിച്ച അദ്ദേഹം കരാറുകാരും കെ.ആർ.എഫ്.ഡി സൂപ്പർ വിഷൻ ഉദ്യോഗസ്ഥരും റവന്യു-പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി.
അപ്രോച്ച് റോഡിന് വേണ്ടിയുളള സ്ളാബുകളുടെ നിർമ്മാണമാരംഭിച്ചതായും റോഡിൽ രണ്ടാംഘട്ട ബി.സി ടാറിംഗ് പ്രവർത്തികൾ തുടങ്ങിയെന്നും കെ.ആർ.എഫ്.ഡി അസി.എക്സി എൻജിനിയർ ദീപാറാണി മന്ത്രിയോട് പറഞ്ഞു.വെമ്പായം മുക്കംപാലമൂട് മുതൽ പഴകുറ്റി പാലം വരെ 7.02 കി.മീറ്റർ റോഡിന്റെയും പഴകുറ്റിയിലെ പ്രധാന പാലത്തിൻറെയും പുനർ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. മുക്കംപാലമൂട് നിന്ന് ഇരിഞ്ചയത്തിന് സമീപം താന്നിമൂട് വരെ സ്ഥലമെടുപ്പ് പൂർത്തിയാക്കി ഓടയും കലുങ്കുകളും നിർമ്മിച്ച് ഒന്നാംഘട്ട ടാറിംഗും നടത്തി.
താന്നിമൂട്,വേങ്കവിള ഭാഗങ്ങളിൽ ചുരുക്കം ചിലർ സ്ഥലമെടുപ്പും ഓട നിർമ്മാണവും അലങ്കോലമാക്കിയതാണ് ഈ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴയാൻ ഇടയാക്കിയത്. ഡിസംബർ അവസാനവാരത്തോടെ അപ്രോച്ച് റോഡിന്റെ പണികൾ പൂർത്തിയാക്കി പാലം തുറന്നു കൊടുക്കുന്നതിനു മുന്നോടിയായി താന്നിമൂട് വരെയുളള ഓടകളും ആദ്യഘട്ട ബി.എം ലെവൽ ടാറിംഗും നടത്താനാണ് സൂപ്പർ വിഷൻ വിഭാഗം തീരുമാനിച്ചിട്ടുളളത്. 36.59 കോടി രൂപ ചെലവിട്ട് 18 മാസ കാലയളവിൽ കരാറുറപ്പിച്ച നിർമ്മാണ പ്രവർത്തികൾ 2023 ഏപ്രിൽ 24 ന് അവസാനിക്കും.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.