നെടുമങ്ങാട്: യുവാക്കൾക്കും കൗമാരക്കാർക്കുമിടയിലെ ലഹരി ഉപയോഗം തടയുന്നതിന് സംസ്ഥാന എക്സൈസ് വകുപ്പ് നടപ്പിലാക്കിയ എൻഡിപിഎസ് സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. കാറിൽ കടത്തുകയായിരുന്ന 160 കൂൾ പാക്കറ്റുകളും 54 ശംബു പാക്കറ്റുകളുമാണ് നെടുമങ്ങാട് എക്സൈസ് സംഘം പിടികൂടിയത്. പുകയില ഉത്പന്നങ്ങൾ കടത്തിയ വെഞ്ഞാറമൂട് പിച്ചിമംഗലം എസ്.എസ്. മൻസിലിൽ താമസിക്കുന്ന ഷംനാദി(34) നെ അറസ്റ്റുചെയ്തു.
തേമ്പാമൂട് ജനതാ ഹയർ സെക്കന്ററി സ്കൂളിന് സമീപത്ത് വച്ച് കാറിൽ സ്കൂൾ പരിസരങ്ങളിലെ കടകളിലും കുട്ടികൾക്കും വിതരണത്തിനായി കൊണ്ടുവന്നതാണ് ഈ നിരോധിത പുകയില ഉത്പന്നങ്ങൾ. വിവിധ സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റവകയിൽ ഇയാൾക്ക് ലഭിച്ച 13440/- രൂപയും പിടിച്ചെടുത്തു. പിടിച്ചെടുത്ത തുകയും തൊണ്ടി വകകളും വാഹനവും സഹിതം വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ കൈമാറിയിട്ടുണ്ടെന്നു എക്സൈസ് അറിയിച്ചു. മുൻപും ഇത്തരത്തിൽ വൻതോതിൽ നിരോധിത പുകയിലുൽപന്നങ്ങൾ കടത്തിയതിന് നെടുമങ്ങാട് കോളേജ് പരിസരത്തു വച്ച് ഷംനാദിനെതിരെ കേസെടുത്തിട്ടുണ്ട്.
നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായ ബിആർ സുരൂപിന്റെ നേതൃത്വത്തിൽ എക്സ്സൈസ് ഇൻസ്‌പെക്ടർ നവാസ്, പ്രിവന്റ്റീവ് ഓഫീസറായ നാസറുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ നജിമുദ്ദീൻ, മുഹമ്മദ് മിലാദ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ രജിത, ഡ്രൈവർ മുനീർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.