Recent-Post

മണലി നിവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; ആനപ്പാറ - മണലി പാലം തുറന്നു; മന്ത്രി എം ബി രാജേഷ് പാലം ഉദ്ഘാടനം ചെയ്തു

വിതുര: സുരക്ഷിതമായ യാത്രാ മാർഗമെന്ന മണലി നിവാസികളുടെ സ്വപ്നത്തിന് ഒടുവിൽ പരിഹാരം. വിതുര പഞ്ചായത്തിലെ ആനപ്പാറ- മണലി പാലം തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. അവികസിതവും പിന്നാക്കവുമായ പ്രദേശങ്ങളുടെ വികസനത്തിനായി നടത്തുന്ന കൂട്ടായ ഇടപെടലുകളുടെ തെളിവാണ് ഇത്തരം നിർമ്മാണ പ്രവർത്തികളെന്ന് മന്ത്രി പറഞ്ഞു. നാടിന്റെ താല്പര്യം മുൻനിർത്തി പ്രവർത്തിക്കുമ്പോൾ അസാധ്യമായ കാര്യങ്ങൾ സാധ്യമാകുമെന്നും പുതിയ വികസന സംസ്കാരം സംസ്ഥാനത്ത് സംജാതമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജി സ്റ്റീഫൻ എം എൽ എ അധ്യക്ഷനായിരുന്നു.


നബാർഡ്, അരുവിക്കര എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് എന്നിവ ഉപയോഗിച്ച് 2.10 കോടി ചെലവിലാണ് വാമനപുരം നദിക്ക് കുറുകെ പാലം നിർമ്മിച്ചത്. വിതുര ഗ്രാമപഞ്ചായത്തിലെ ദേവിയോട്, ആനപ്പാറ,മണലി, പൊന്നാംചുണ്ട് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. പഞ്ചായത്തിൽ ഏറ്റവുമധികം ഊരുകളുള്ള മണലി വാർഡിലേക്കുള്ള ഏക യാത്രാ മാർഗമായ പാലം യാഥാർത്ഥ്യമായതോടെ ഊര് ജനതയുടെ യാത്രാക്ലേശത്തിനും പരിഹാരമായി.


തെങ്കാശി പാതയിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് വിതുര ടൗണിൽ കയറാതെ തന്നെ ഈ വഴി പൊന്മുടിയിലേക്കും യാത്ര ചെയ്യാം. വിതുര തെന്നൂർ റോഡുകളെ ബന്ധിപ്പിക്കുന്ന പൊന്നാംചുണ്ട് പാലം മഴയിൽ അപകടാവസ്ഥയിൽ ആയതിനാൽ യാത്ര നിരോധിച്ചിരിക്കുകയാണ്. മണലി പാലം തുറന്നതോടെ ഒരു പരിധി വരെ ഈ മേഖലയിലെ യാത്രാ പ്രശ്നങ്ങൾക്കും പരിഹാരമാകും.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

 
  


    
    

    




Post a Comment

0 Comments