Recent-Post

വിതുരയിൽ തൊഴിലാളികളുടെ ജീവനു ഭീഷണിയായ ലയങ്ങൾ പുനരുദ്ധരിക്കാൻ സർക്കാർ നടപടി എടുക്കുമെന്ന് ജിആർ അനിൽ

വിതുരയിൽ തൊഴിലാളികളുടെ ജീവനു ഭീഷണിയായ ലയങ്ങൾ 
വിതുര: തോരാ മഴയിൽ സുരക്ഷാ ഭീഷണിയെ തുടർന്ന് വിതുര ഗവ. വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ മാറ്റി പാർപ്പിക്കപ്പെട്ട തോട്ടം തൊഴിലാളികളുടെയും കോളനി വാസികളുടെയും ദുരിതം നേരിട്ട് അറിയാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജിആർ അനിൽ എത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 36 പേരെ പാർപ്പിച്ചിട്ടുള്ള ക്യാമ്പിൽ അന്തേവാസികളും നാട്ടുകാരും പൊതുപ്രവർത്തകരും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. സുരക്ഷാ ക്രമീകരണങ്ങളിലും ഭക്ഷണ കാര്യങ്ങളിലും ആരോഗ്യ പരിചരണത്തിലും വിവിധ സർക്കാർ വകുപ്പുകളും തദ്ദേശ ജനപ്രതിനിധികളും നടത്തിയ സേവന സന്നദ്ധതയെ അന്തേവാസികൾ ഒന്നടങ്കം മന്ത്രിയുടെ മുന്നിൽ പ്രശംസിച്ചു.



ഇതോടൊപ്പം, എസ്റ്റേറ്റ് മേഖലകളിൽ തങ്ങളെ താമസിപ്പിച്ചിട്ടുള്ള ഇടിഞ്ഞു പൊളിഞ്ഞ ലയങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയും പങ്കുവച്ചു. ബോണക്കാട് എസ്റ്റേറ്റിലെ 29 തൊഴിലാളികളാണ് ക്യാമ്പിലുള്ളത്.ഇവരിൽ അഞ്ച് പുരുഷന്മാരും 21 സ്ത്രീകളും മൂന്ന് കുട്ടികളുമാണ്. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മാറ്റിത്താമസിപ്പിച്ച മക്കി, തള്ളച്ചിറ പ്രദേശങ്ങളിലെ ഏഴു കുടുംബങ്ങളും ഇതേ ക്യാമ്പിലാണ്. മൂന്നു സ്ത്രീകളും രണ്ടു കുട്ടികളും ഒരു പുരുഷനുമാണ് ഇവരുടെ ക്യാമ്പിൽ ഉള്ളത്. മുഴുവൻ പേരുടെയും ആരോഗ്യ പരിചരണത്തിനും സുരക്ഷയ്ക്കും ഭക്ഷണ വിതരണത്തിനും മുൻഗണന നൽകാൻ അധികൃതർക്ക് നിർദ്ദേശം നൽകിയ മന്ത്രി, എസ്റ്റേറ്റ് തൊഴിലാളികളുടെ ജീവനു ഭീഷണിയായ പഴഞ്ചൻ ലയങ്ങളുടെ പുനരുദ്ധാരണത്തിന് എംഎൽഎ യുമായി ചേർന്ന് അടിയന്തര ഇടപെടൽ നടത്തുമെന്നും അറിയിച്ചു. വെള്ളപ്പൊക്കത്തിൽ വിനോദ സഞ്ചാരികൾ ഒറ്റപ്പെട്ടുപോയ കല്ലാർ ഇക്കോ ടൂറിസം മേഖലയിലെ നദിക്കടവും മന്ത്രി സന്ദർശിച്ചു.ഇ വിടെ അപകടസാധ്യത ഒഴിവാക്കാൻ ആറിന് കുറുകെ നടപ്പാലം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം വനം വകുപ്പുമായി ആലോചിച്ച് ചെയ്യാമെന്ന് മന്ത്രിയും സ്ഥലം എംഎൽഎ ജി സ്‌റ്റീഫനും ഉറപ്പു നൽകി.

നെടുമങ്ങാട് ആർഡിഓ ജയകുമാർ, നെടുമങ്ങാട് തഹസിൽദാർ അനിൽകുമാർ, സിപിഐ അരുവിക്കര മണ്ഡലം സെക്രട്ടറി എംഎസ് റഷീദ്, വിതുര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിഎസ് ബാബുരാജ്, വൈസ് പ്രസിഡൻറ് മഞ്ജുഷാ ജി ആനന്ദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രവികുമാർ എസ് സുനിത, വത്സല, സിന്ധു സന്ധ്യ, നീതൂ രാജീവ്, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി കല്ലാർ അജിൽ, സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ് എൻ അനിൽകുമാർ, സിപിഐ മണ്ഡലം കമ്മിറ്റി അംഗം ആർകെ ഷിബു, ജിനീഷ് മുളയ്ക്കോട്ടുകര, ബിനോയ് തള്ളച്ചിറ, കല്ലാർ രവീന്ദ്രൻ പിള്ള, സുപ്രഭൻ, ഷംനാദ് കല്ലാർ, കല്ലാർ മോഹനൻ തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

 
  


    
    

    




Post a Comment

0 Comments