Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

മന്ത്രി ഇടപെട്ടു; നെടുമങ്ങാട്ടെ റോഡുകൾക്ക് ശാപമോക്ഷം; കച്ചേരിനട - പഴകുറ്റി റോഡ് ടാറിങ്ങിന് 25 ലക്ഷം അനുവദിച്ചു

നെടുമങ്ങാട്: താലൂക്കാസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾക്ക് സ്ഥലം എംഎൽഎയും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുമായ അഡ്വ. ജി.ആർ അനിലിന്റെ അടിയന്തര ഇടപെടലിൽ ശാപമോക്ഷമാവുന്നു. നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ പിഡബ്ലിയുഡി മുഖേന നിർമ്മാണം തുടങ്ങിയ പ്രധാനപ്പെട്ട റോഡുകളുടെ നിർമ്മാണം ത്വരിതഗതിയിൽ പൂർത്തിയാക്കാൻ മന്ത്രി ജിആർ അനിൽ സെക്രട്ടേറിയേറ്റിൽ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനമായി.




കരകുളം ഗ്രാമപഞ്ചായത്തിൽ രണ്ടു കോടി രൂപ ചെലവഴിച്ച് നിർമ്മാണം തുടങ്ങി വെച്ച കല്ലയം - ശീമവിള റോഡ് ഈ മാസം 25 ന് ടാറിംഗ് തുടങ്ങാൻ പിഡബ്ലിയു ഡി സൂപ്രണ്ടിംഗ് എൻജിനിയർക്ക് മന്ത്രി നിർദ്ദേശം നൽകി. നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ മൂന്നു കോടി രൂപ ചെലവിട്ടു നവീകരണം നടത്തുന്നതിനായി തുക അനുവദിച്ച കരിപ്പൂര് - നെടുമങ്ങാട് റോഡും ഈ മാസം അവസാനം നിർമ്മാണ ജോലികൾ ആരംഭിക്കുന്നതിന് തീരുമാനമായി. ഈ രണ്ടു വർക്കും എടുത്ത കോൺട്രാക്ടറുടെ ഭാഗത്ത് നിന്നുണ്ടായ അലംഭാവമാണ് പണി തുടങ്ങാൻ വൈകിയതെന്നും രണ്ട് വർക്കും സമയബന്ധിതമായി പൂർത്തിയാക്കാൻ കർശന നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

നെടുമങ്ങാട് താലൂക്ക്തല ഓണാഘോഷ പരിപാടികൾ ഇത്തവണ വിപുലമായി സംഘടിപ്പിച്ചിട്ടുണ്ട്. സെപ്റ്റംബർ 5ന് ഓണാഘോഷ പരിപാടികൾ വിളംബര ജാഥയോടെ തുടങ്ങുന്നതിനാൽ നഗര ഹൃദയമായ പഴകുറ്റി പാലം മുതൽ കെഎസ്ആർടിസി ഡിപ്പോ വരെയുള്ള റോഡ് റീ ടാറിങ് നടത്താൻ തീരുമാനിച്ചു. ഇതിനായി കിഫ്ബി മുഖേന 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഈ മാസം 27 ന് വർക്ക് തുടങ്ങി സെപ്റ്റംബർ 3 നകം പൂർത്തിയാക്കാനും യോഗത്തിൽ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അനിൽ ജോസ്, സർവെ ജോയിൻ്റ് ഡയറക്ടർ സിന്ധു , നിയോജക മണ്ഡലം നോഡൽ ഓഫീസർ സന്ധ്യ , തിരുവനന്തപുരം തഹസീൽദാർ വേണു, കിഫ്ബി തഹസീൽദാർമാരായ (എൽ എ ) ഷീജ, മിനി , പിഡബ്ലിയുഡി റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ ജ്യോതി , കെആർഎഫ്ബി എക്സിക്യൂട്ടീവ് എഞ്ചിനിയർ ജീജാഭായി തുടങ്ങി നിരവധി ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

 
  


    
    

    




Post a Comment

0 Comments