Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

യുവാക്കള്‍ക്ക് പ്രതിവര്‍ഷം രണ്ട് കോടി തൊഴില്‍ നല്‍കുമെന്നതുള്‍പ്പെടെ എത്രയെത്ര വാഗ്ദാനങ്ങളാണ് ബിജെപി സർക്കാർ നല്‍കിയതെന്നും ഇപ്പോഴത്തെ അവസ്ഥയെന്താണെന്നും സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ

നെടുമങ്ങാട്: അധികാരത്തിലെത്തിയാല്‍ വാഗ്ദാനങ്ങളെല്ലാം മറക്കുന്നവരാണ് കേന്ദ്രം ഭരിക്കുന്നതെന്നും യുവാക്കള്‍ക്ക് പ്രതിവര്‍ഷം രണ്ട് കോടി തൊഴില്‍ നല്‍കുമെന്നതുള്‍പ്പെടെ എത്രയെത്ര വാഗ്ദാനങ്ങളാണ് ബിജെപി സർക്കാർ നല്‍കിയതെന്നും ഇപ്പോഴത്തെ അവസ്ഥയെന്താണെന്നും സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ചോദിച്ചു. സിപിഐ ജില്ലാ സമ്മേളനം നെടുമങ്ങാട് പിഎം സുൽത്താൻ നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉണ്ടായിരുന്ന തൊഴിലുകള്‍ കൂടി ഇല്ലാതാക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ബോബനും മോളിയും പോലെ മോഡിയുടെ കൂടെ എല്ലാ സമയത്തും ഉണ്ടാകുന്നയാളാണ് അഡാനി. ആ അഡാനി ലോകത്തെ ഏറ്റവും വലിയ സമ്പന്നന്മാരില്‍ ഒരാളായി വളര്‍ന്നു. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.



സപ്ലൈകോയില്‍ 13 ഇനം ഭക്ഷ്യവസ്തുക്കള്‍ക്ക് വില കൂട്ടില്ല എന്ന പ്രകടനപത്രികയിലെ വാഗ്ദാനം, നിരവധി പ്രതിന്ധികളുണ്ടായിട്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ പാലിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ അഞ്ച് ശതമാനം ജിഎസ്‌ടി ഏര്‍പ്പെടുത്തിയ വിഷയമുണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ അതേ വിലയില്‍ ജനങ്ങള്‍ക്ക് സാധനങ്ങള്‍ നല്‍കാനുള്ള തീരുമാനത്തിലാണ്. കേന്ദ്ര നയങ്ങള്‍ക്കെതിരെ ബദല്‍ നയങ്ങളുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ അതിനെതിരെ നിലകൊള്ളുകയാണ് ബിജെപിയുടെ കേന്ദ്ര ഭരണകൂടം. കോണ്‍ഗ്രസാണെങ്കില്‍, കയ്യില്‍ 'ഗാന്ധി'യില്ലാത്ത വിഷമത്തിലാണ്. ഭരണം നഷ്ടപ്പെട്ടതിന്റെ വിഷമത്തില്‍ അവര്‍ സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
രാജ്യത്തെ ജനങ്ങളെ വര്‍ഗീയമായി വിഭജിച്ചുകൊണ്ടിരിക്കുകയാണ് ബിജെപിയുടെ സര്‍ക്കാര്‍. ഇന്ത്യയില്‍ ഒരു ഭാഷ, ഒരു മതം, ഒരുതരം ഭക്ഷണം മാത്രം മതിയെന്നാണ് അവരുടെ നിലപാട്. മതനിരപേക്ഷ പ്രസ്ഥാനങ്ങളാണ് അവര്‍ക്കെതിരെ പ്രതിരോധവുമായി രംഗത്തിറങ്ങേണ്ടത്. എന്നാല്‍ കേന്ദ്രത്തിലും കേരളത്തിലും രണ്ട് നിലപാടുകളുമായി കോണ്‍ഗ്രസ് ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ഡല്‍ഹിയില്‍ ഇഡി വേണ്ട, ഇവിടെ ഇഡി വേണം എന്നതാണ് കോണ്‍ഗ്രസ് സ്വീകരിച്ചുപോന്ന നിലപാട്. ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ രാജ്യത്ത് സിപിഐയും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ശക്തമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണെന്നും പന്ന്യന്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് സ്വാഗതവും ജില്ലാ എക്സി അംഗം പി എസ് ഷൗക്കത്ത് നന്ദിയും പറഞ്ഞു.
 
  


    
    

    




Post a Comment

0 Comments