കോഴിക്കോട്: വനം വകുപ്പിലെ അതിർത്തി നിർണയ പദ്ധതിയിൽ കോടികളുടെ ക്രമക്കേടുകൾ നടന്നതായി വിദഗ്ധ പരിശോധനയിൽ വ്യക്തമായി. വനാതിർത്തി നിർണയിക്കാനുള്ള ജണ്ടകൾ നിർമിക്കുന്ന 70 കോടി രൂപയുടെ പദ്ധതിയിൽ നല്ലൊരു പങ്കും കരാറുകാരും ഉദ്യോഗസ്ഥരും പോക്കറ്റിലാക്കുകയായിരുന്നു എന്നും ബോധ്യപ്പെട്ടു. കുടക്കമ്പി കൊണ്ട് കുത്തിയാൽ തകർന്നു വീഴുന്ന നിലവാരം മാത്രമേ പല ജണ്ടകൾക്കും ഉള്ളൂ എന്നാണ് പരിശോധനാ സംഘത്തിന്റെ പ്രാഥമിക നിരീക്ഷണം. നിർമാണ സാമഗ്രികളുടെ സാംപിളുകൾ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം വിജിലൻസ് അന്വേഷണത്തിനുൾപ്പെടെയുള്ള നടപടികൾ ആരംഭിക്കും. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ വലിയ നേട്ടങ്ങളിൽ ഒന്നായി അവതരിപ്പിച്ച കണക്കിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.
മൂന്നു വർഷത്തിനിടെ 70 കോടി ചെലവിട്ടാണ് അര ലക്ഷത്തോളം ജണ്ടകൾ കെട്ടി വനാതിർത്തി നിർണയിച്ചത്. പദ്ധതി വിജയകരമായി പൂർത്തിയാക്കിയതിന് പല ഉദ്യോഗസ്ഥർക്കും ഗുഡ് സർവീസ് എൻട്രി വരെ നൽകിയെങ്കിലും പലയിടത്തും വ്യാപകമായ ക്രമക്കേടുകൾ അരങ്ങേറിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ്് വനം വിജിലൻസ് വിഭാഗം അന്വേഷണം ആരംഭിച്ചത്. തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ രണ്ട് പ്രഫസർമാർ പാലോട് റേഞ്ചിനു കീഴിലുള്ള കല്ലാർ, പെരിങ്ങമല പ്രദേശങ്ങളിൽ നേരിട്ടെത്തി ജണ്ടകൾ പരിശോധിച്ചു. സിമന്റിന്റെ അംശം പോലും ജണ്ടകളിൽ ഇല്ലെന്നായിരുന്നു ഇവരുടെ കണ്ടെത്തൽ. ശരാശരി 9300–9800 രൂപയാണ് ഒരു ജണ്ടയ്ക്ക് വിവിധ റേഞ്ചുകളിൽ കണക്കാക്കിയത്.
എന്നാൽ 3000 രൂപയുടെ പണി പോലും പലയിടത്തും നടന്നിട്ടില്ലെന്നാണ് കണ്ടെത്തൽ. ജണ്ട നിർമാണത്തിലെ ക്രമക്കേടുകൾ ഉൾപ്പെടെ വനം വകുപ്പിലെ അഴിമതികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വന സംരക്ഷണ സമിതി മുഖ്യമന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കും പരാതി നൽകിയിട്ടുണ്ട്. വനം വിജിലൻസ് അന്വേഷണത്തിൽ താഴേത്തട്ടിലുള്ള ജീവനക്കാരുടെ തലയിൽ ഉത്തരവാദിത്തം കെട്ടി വച്ച് ഉയർന്ന ഉദ്യോഗസ്ഥരെ രക്ഷിക്കുകയാണ് ചെയ്യുന്നതെന്നും പരാതിയിൽ പറയുന്നു.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.