Recent-Post

മകളുടെ വിവാഹനിശ്ചയച്ചടങ്ങിനുവേണ്ടി കൺവെൻഷൻ സെന്റർ ബുക്കുചെയ്തശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം


റോഡരികിലെ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് സ്കൂട്ടർ
ബാംഗ്ലൂർ: ബെംഗളൂരുവിൽ റോഡരികിലെ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് സ്കൂട്ടർ യാത്രികരായ അച്ഛനും മകൾക്കും ദാരുണാന്ത്യം. മംഗനഹള്ളി സ്വദേശി ശിവരാജ് (55), മകൾ ചൈതന്യ (19) എന്നിവരാണ് മരിച്ചത്. ട്രാൻസ് ഫോർമറിൽനിന്ന് തീ ഇവരുടെ ദേഹത്തേക്ക് പടരുകയായിരുന്നു. സ്കൂട്ടറും കത്തിനശിച്ചു.

ബുധനാഴ്ച വൈകീട്ട് നൈസ് റോഡിൽ മംഗനഹള്ളി പാലത്തിനുസമീപത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശിവരാജ് ബുധനാഴ്ച രാത്രിയും ചൈതന്യ വ്യാഴാഴ്ച പുലർച്ചെയും മരിച്ചു.


ചൈതന്യയുടെ വിവാഹനിശ്ചയച്ചടങ്ങിനുവേണ്ടി കൺവെൻഷൻ സെന്റർ ബുക്കുചെയ്തശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ശിവരാജാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. റോഡിന്റെ മോശം അവസ്ഥകാരണം സ്കൂട്ടർ വേഗതകുറച്ച സമയത്ത് റോഡരികിൽ ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) സ്ഥാപിച്ച ട്രാൻസ്ഫോർമർ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയെത്തുടർന്ന് ഇരുവരുടെയും ദേഹത്ത് ഓയിൽ തെറിച്ചുവീണത് പൊള്ളൽ ഗുരുതരമാക്കി. നാഗർഭാവി അഗ്നിശമനയൂണിറ്റിൽനിന്ന് വാട്ടർ ടാങ്കറെത്തിയാണ് തീയണച്ചത്. ബെസ്കോം എക്സിക്യുട്ടീവ് എൻജിനിയർക്കും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരേ പോലീസ് കുറ്റകരമായ അനാസ്ഥയ്ക്ക് കേസെടുത്തു. ട്രാൻസ്ഫോർമറിൽനിന്ന് ഓയിൽ ചോരുന്നതായി നേരത്തേ ബെസ്കോമിന് പരാതി നൽകിയിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.

Post a Comment

0 Comments