ഗുണ്ടാസംഘത്തോടൊപ്പം യൂണിഫോമിൽ മദ്യപിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു
പോത്തൻകോട്: ഗുണ്ടാസംഘത്തോടൊപ്പം യൂണിഫോമിൽ മദ്യപിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു. പോത്തൻകോട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ജിഹാനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.കഴിഞ്ഞമാസം കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ട മെന്റൽ ദീപുവെന്ന ദീപുവിനെ കൊലപ്പെടുത്തിയതുൾപ്പെടെ നിരവധി കേസിലെ പ്രതിയായ അയിരൂപ്പാറ കുട്ടന്റെ നേതൃത്വത്തിലായിരുന്നു മദ്യസത്കാരം നടത്തിയത്. മെന്റൽ ദീപു കൊല്ലപ്പെടുന്നതിന് മൂന്നു ദിവസം മുമ്പായിരുന്നു സംഭവം.
യൂണിഫോമിൽ ഗുണ്ടകളുമായി മദ്യസത്കാരത്തിൽ പങ്കെടുക്കുന്ന ജിഹാന്റെ ഫോട്ടോ റേഞ്ച് ഐ.ജി. നിശാന്തിനിക്ക് ചിലർ കൈമാറിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ നടത്തിയ വകുപ്പുതല അന്വേഷണത്തെ തുടർന്നായിരുന്നു നടപടി.
ജിഹാൻ ഔദ്യോഗികപദവി ദുരുപയോഗംചെയ്ത് മറ്റ് അനധികൃത ഇടപാടുകൾ നടത്തിയിരുന്നതായും സൂചനയുണ്ട്. ലോക്ഡൗൺ സമയത്ത് അനധികൃതമായി വിദേശമദ്യം കടത്തുന്നതിന് ഒത്താശനൽകിയതിന്റെ പേരിലും അന്വേഷണം നടക്കുന്നു.
ഇതേ സ്‌റ്റേഷനിലെ സിഐക്ക് എതിരേ മണൽ മാഫിയയിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തിൽ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. തുക കൈക്കൂലി വാങ്ങിയതിന്റെ ഗൂഗിൾ പേ സ്‌ക്രീൻ ഷോട്ട് ഐ.ജി.ക്ക് ലഭിച്ചിരുന്നു. സ്പെഷ്യൽ ബ്രാഞ്ചും സിഐക്കെതിരെ റിപ്പോർട്ട് നൽകിയിട്ടുണ്ട്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.