ജി.പി.എസ് ട്രാക്കർ ഘടിപ്പിച്ച ശേഷം ഒ.എൽ.എക്‌സിലൂടെ
എറണാകുളം: ജി.പി.എസ് ട്രാക്കർ ഘടിപ്പിച്ച ശേഷം ഒ.എൽ.എക്‌സിലൂടെ വിറ്റ കാർ യാത്രാമാർഗം മനസിലാക്കി പിന്തുടർന്ന് തട്ടിയെടുത്ത് കടത്തിയ സംഘം പൊലീസിന്റെ പിടിയിലായി. മലപ്പുറം സ്വദേശികളായ പരപ്പനങ്ങാടി ചെട്ടിപ്പടി വെള്ളോടത്തിൽ വീട്ടിൽ ഇക്ബാൽ സലീം (24), ചെട്ടിപ്പടി ചോളക്കകത്ത് വീട്ടിൽ മുഹമ്മദ് ഫാഹിൽ (26), അരിയല്ലൂർ അയ്യനാവിൽ വീട്ടിൽ ശ്യാം മോഹൻ (23) എന്നിവരാണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്.എറണാകുളം അസി. കമ്മിഷണർ വൈ. നിസാമുദ്ദീന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് പ്രതികളെ ഒരാഴ്ചയ്ക്കകം പിടികൂടിയത്. പരാതി ലഭിച്ചയുടൻ മോഷ്ടാക്കളുടെ ഗൂഗിൾ പേ വിവരങ്ങൾ, ഫോൺ നമ്പറുകൾ, ഒ.എൽ.എക്‌സ് ആപ്ലിക്കേഷനിലെ അക്കൗണ്ട് എന്നിവ ശേഖരിച്ച് ആളുകളെ തിരിച്ചറിഞ്ഞു. സി.സി ടിവി ദൃശ്യങ്ങളും ലഭിച്ചു. ഫോണും സിമ്മുകളും ഉപേക്ഷിച്ച് ബംഗളൂരുവിൽ ആർഭാടജീവിതം നയിക്കുന്നതിനിടെയാണ് പൊലീസിന്റെ പിടിവീണത്. പാലക്കാട് സ്വദേശിയിൽ നിന്ന് വാങ്ങിയ കാറാണ് നെടുമങ്ങാട് സ്വദേശിക്ക് നല്ല വിലയ്ക്ക് വിറ്റത്. ഇതേകാർ തന്നെ ജനുവരിയിൽ പള്ളുരുത്തി സ്വദേശിക്ക് വിറ്റ ശേഷം ഇതേ രീതിയിൽ തട്ടിയെടുത്തിരുന്നതായും പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. ആഡംബര കാർ വാങ്ങിനൽകാമെന്ന് വിശ്വസിപ്പിച്ച് വളപട്ടണം സ്വദേശിയെ കബളിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞാണ് മൂവർസംഘം രണ്ട് കവർച്ചയും നടത്തിയത്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവർ കൂടുതൽ ആളുകളെ കബളിപ്പിച്ചിട്ടുണ്ടോയെന്ന് അറിയാൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
പാലാരിവട്ടം എസ്.എച്ച്.ഒ എസ്. സനൽ, എസ്.ഐമാരായ ജോസി, ജയകുമാർ, എ.എസ്.ഐമാരായ സോമൻ, അനിൽ, എസ്.സി.പി.ഒ രതീഷ്, സിവിൽ, സി.പി.ഒമാരായ മാഹിൻ, അരുൺ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.