വിതുര: ഓട്ടോ ഡ്രൈവർമാരെ തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി മർദിച്ച ശേഷം വിജനമായ സ്ഥലത്തു ഉപേക്ഷിച്ച സംഭവത്തിൽ മൂന്നംഗ ഗുണ്ടാ സംഘം അറസ്റ്റിൽ. തൊളിക്കോട് പുളിമൂട് കണ്ണങ്കര സ്വദേശി മുഹമ്മദ് ഷാഫി(34), കാട്ടാക്കട ആമച്ചൽ കള്ളിക്കാട് സ്വദേശി വിശാഖ്(ശംഭു– 30) നെയ്യാറ്റിൻകര പെരുമ്പഴുതൂർ സ്വദേശി അജേഷ് കുമാർ(28) എന്നിവരാണു അറസ്റ്റിലായത്. തൊളിക്കോട്ടെ ഓട്ടോ ഡ്രൈവർമാരായ മുഹമ്മദ്, സിദ്ദിഖ് എന്നിവർക്കാണു മർദനമേറ്റത്.
തൊളിക്കോട് മന്നൂർക്കോണത്തിനു സമീപത്തു വച്ച് പ്രതികൾ സഞ്ചരിച്ച വാഹനത്തിനു പരാതിക്കാർ സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണു തട്ടിക്കൊണ്ടു പോകലിലേക്കും മർദ്ദനത്തിലേക്കും നയിച്ചതെന്നു പൊലീസ് പറഞ്ഞു. സംഭവ ദിവസം വാക്കു തർക്കത്തിനു ശേഷം ഇരു കൂട്ടരും പിരിഞ്ഞു പോയിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം പ്രതികളിൽ ഒരാൾ സിദ്ധിഖിന്റെ ഓട്ടോ സവാരിക്കെന്ന പേരിൽ തേക്കുംമൂട് ഭാഗത്തേക്കു വിളിച്ചു കൊണ്ടു പോയി.
അവിടെ നിന്നും സിദ്ധിഖിന്റെ സുഹൃത്ത് മുഹമ്മദിനെ സിദ്ധിഖിന്റെ മൊബൈൽ നിന്നും ഓട്ടോയുടെ ടയർ പഞ്ചറായി എന്നു ചട്ടം കെട്ടി വിളിച്ച് വരുത്തി. തുടർന്നു ഇവരെ പ്രതി മുഹമ്മദ് ഷാഫിയുടെ ചേന്നൻപാറയിലെ വീട്ടിൽ കൊണ്ട് വന്നു. എന്നിട്ടു ഇരുവരെയും മാരകായുധങ്ങൾ ഉപയോഗിച്ചു ക്രൂരമായി മർദ്ദിച്ചു. ഇതിനു ശേഷം ഇരുവരെയും വിജനമായ സ്ഥലത്തു ഉപേക്ഷിച്ച ശേഷം പ്രതികൾ കടന്നു കളയുകയായിരുന്നു.
സംഭവത്തെ കുറിച്ചു പൊലീസിൽ പറഞ്ഞാൽ കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതിനാൽ ഓട്ടോ ഡ്രൈവർമാർ പുറത്തു പറഞ്ഞിരുന്നില്ല. എന്നാൽ ഇതു സംബന്ധിച്ചു രഹസ്യ വിവരം കിട്ടിയ പൊലീസ് ഡ്രൈവർമാരെ സന്ദർശിച്ചു മൊഴി രേഖപ്പെടുത്തിയ ശേഷമാണു കേസെടുത്തത്. ഇരു കൂട്ടരും തമ്മിൽ മുൻ വൈരാഗ്യമുണ്ടെന്നു പൊലീസ് പറയുന്നു. പ്രതികളിൽ മുഹമ്മദ് ഷാഫി ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാൽസംഗം ചെയ്ത സംഭവത്തിലും തൊളിക്കോട് സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലും പ്രതിയാണ് .






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.