Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

എസ്.എസ്.എൽ.സി, പ്ലസ് ടു ക്ളാസുകളിലെ പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു ക്ളാസുകളിലെ പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അവലോകനയോ​ഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പൊതു പരീക്ഷ കഴിഞ്ഞതിനു ശേഷമാകും പ്രാക്ടിക്കൽ പരീക്ഷ. അതിനാൽ പാഠഭാഗങ്ങൾ പഠിപ്പിക്കാൻ അദ്ധ്യാപകർക്ക് കൂടുതൽ സമയം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഫെബ്രുവരി 16 മുതലാണ് പ്രാക്ടിക്കൽ പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരുന്നത്.


ഹയർ സെക്കൻഡറി ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ മുൻനിശ്ചയപ്രകാരം 31 ന് തന്നെ ആരംഭിക്കും. ചോദ്യപേപ്പറുകൾ അതത് കേന്ദ്രങ്ങളിലെത്തിക്കുന്ന നടപടി പുരോഗമിക്കുകയാണ്.

ഈ വർഷം പൊതുപരീക്ഷയ്ക്ക് 60 ശതമാനം ഫോക്കസ് ഏരിയയിൽ നിന്നാവും 70 ശതമാനം ചോദ്യങ്ങൾക്കും ഉത്തരമെഴുതേണ്ടി വരിക. നോൺ ഫോക്കസ് ഏരിയയിൽ നിന്നും 30 ശതമാനം ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം. ഫോക്കസ് ഏരിയ സംബന്ധിച്ച് പുനർചിന്തനത്തിന്റെ ആവശ്യമില്ല. ഇന്റേണൽ, പ്രാക്ടിക്കൽ മാർക്കുകൾ കൂടി പരിഗണിച്ചാകും ഗ്രേഡ് നിശ്ചയിക്കുക. എ പ്ളസ് കേന്ദ്രീകരിച്ചുള്ള ചർച്ചകൾ ശിശു കേന്ദ്രീകൃത സമഗ്രവികാസമെന്ന കാഴ്ചപ്പാടിനെ ദുർബലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് ബാധിതരായവർക്ക് പരീക്ഷ എഴുതാൻ പ്രത്യേകം ക്ളാസ്‌മുറി ഒരുക്കും. പി.പി.കിറ്റ് ഇട്ടുവന്ന് സുരക്ഷിതമായി പരീക്ഷയെഴുതാം. പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കൊവിഡ് കാലത്ത് നടത്തിയതുപോലെ മുന്നൊരുക്കം സ്‌കൂളുകളിൽ നടത്തണം. ഇതിനായി സ്‌കൂൾതലത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി യോഗങ്ങൾ നടത്തണം.

Post a Comment

0 Comments