കിളിമാനൂര്‍: അന്തഃസംസ്ഥാന മോഷ്ടാവിനെ പോക്സോ കേസില്‍ പള്ളിക്കല്‍ പോലീസ് അറസ്റ്റുചെയ്തു. പാരിപ്പള്ളി കിഴക്കനേല, കടമ്പാട്ടുകോണം, മിഥുന് ഭവനില്‍ മിഥുന്(അച്ചു-24) ആണ് അറസ്റ്റിലായത്. വിവിധ പോലീസ് സ്റ്റേഷനുകളില്‍ 40-ല്‍പ്പരം കേസുകളില്‍ പ്രതിയാണ് ഇയാള്‍. നവംബര്‍ 30-ന് ഏഴുവയസ്സുകാരിയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
ഇയാളെ നിരവധി മാലപൊട്ടിക്കല്‍, പിടിച്ചുപറി കേസുകളില്‍ തമിഴ്നാട് പോലീസിന്റെ പ്രത്യേക സ്ക്വാഡും രഹസ്യാന്വേഷണ വിഭാഗമായ ക്യൂ ബ്രാഞ്ചും നിരവധി തവണ അറസ്റ്റ് ചെയ്യാനായി എത്തിയെങ്കിലും കഴിഞ്ഞില്ല. ആളൊഴിഞ്ഞ ഇടങ്ങളിലും വയലുകളിലും ആള്‍പ്പാര്‍പ്പില്ലാത്ത വീടുകളിലും മാറിമാറി കഴിയുന്ന ഇയാളെ കണ്ടെത്തുക പ്രയാസമായിരുന്നു. കേസുമായി ബന്ധപ്പെട്ട് പള്ളിക്കല്‍ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിന് വെട്ടിയറയിലെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍നിന്നാണ് പ്രതിയെ പിടികൂടിയത്.
കഞ്ചാവും ലഹരിമരുന്നുകളും ഉപയോഗിക്കുന്നയാളാണ് മിഥുന്. കല്ലമ്പലം, കൊട്ടിയം, ചടയമംഗലം, പരവൂര്‍, കിളിമാനൂര്‍ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കേസുകള്‍ നിലവിലുണ്ട്. വര്‍ക്കലയില്‍ രണ്ട് മാല മോഷണവും പള്ളിക്കല്‍ സ്റ്റേഷനില്‍ നാല് കേസുകളിലും പ്രതിയാണ്. സ്വദേശമായ പാരിപ്പള്ളി പോലീസ് സ്റ്റേഷനില്‍ മാല മോഷണം, പിടിച്ചുപറി, തട്ടിക്കൊണ്ടുപോകല്‍, ഭവനഭേദനം, മോഷണം തുടങ്ങി 10 കേസുകളില്‍ പ്രതിയാണ്. കൊല്ലം ജില്ലയിലെ സ്ഥിരം കുറ്റവാളിപ്പട്ടികയിലുള്ള ഇയാള്‍ക്കെതിരേയുള്ള കേസുകളുടെ അടിസ്ഥാനത്തില്‍ 'കാപ്പ' ചുമത്തി നാടുകടത്താനുള്ള നടപടികളിലാണ് പാരിപ്പള്ളി പോലീസ്.
മാല പിടിച്ചുപറിക്കാനായുള്ള ഇയാളുടെ അക്രമത്തില്‍ പരിക്കേറ്റ വയോധിക ഇപ്പോഴും അബോധാവസ്ഥയിലാണ്. ആഡംബര ബൈക്കുകളില്‍ കറങ്ങി, പ്രായമായ സ്ത്രീകളെ നോക്കിവച്ച ശേഷം അവസരം കിട്ടുമ്പോള്‍ മാല കവര്‍ന്നെടുക്കുന്ന രീതിയാണ് ഇയാളുടേതെന്ന് പോലീസ് പറഞ്ഞു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.