Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പോത്തൻകോട് നോക്കുകൂലി; കേസില്‍ പ്രതികളായവരുടെ ലേബര്‍ കാര്‍ഡ് സസ്പെന്‍ഡ് ചെയ്യും

പോത്തൻകോട്: നോക്കുകൂലി കേസില്‍ പ്രതികളായവരുടെ ലേബര്‍ കാര്‍ഡ് സസ്പെന്‍ഡ് ചെയ്യും. ജില്ലാ ലേബര്‍ ഓഫീസര്‍ റിപ്പോര്‍ട്ട് തേടി. വാര്‍ക്കപ്പണിക്കാരെ മര്‍ദിച്ച അഞ്ചു ചുമട്ടുതൊഴിലാളികള്‍ അറസ്റ്റിലായത്. നോക്കുകൂലി വാങ്ങരുതെന്ന് സർക്കാരും പൊലിസും ആവർത്തിച്ചു പറഞ്ഞതിനു പുല്ലുവില നൽകിയാണ് പോത്തന്‍കോട്ട് ഗുണ്ടായിസം അരങ്ങേറിയത്. നന്നാട്ടുകാവ് കടുവാക്കുഴിയിലാണ് ചുമട്ടു തൊഴിലാളികൾ കരാറുകാരനെയും മൂന്നു തൊഴിലാളികളെയും മർദിക്കുകയും മൊബൈൽ ഫോൺ തറയിലെറിഞ്ഞു പൊട്ടിക്കുകയും ചെയ്തത്.


 

ഐഎൻടിയുസി തൊഴിലാളികളായ വേണുഗോപാലൻനായർ , തുളസീധരൻ നായർ എന്നിവര്‍ പിടിയിലായി. സി ഐ ടി യു അംഗങ്ങളായ കടുവാക്കുഴി ജയകുമാർ, പുത്തൻവീട്ടിൽ അനിൽ കുമാർ, എ ഐ ടി യു സി അംഗമായ വിജയകുമാർ എന്നിവര്‍ കീഴടങ്ങി. അറസ്ററിനു പിന്നാലെ ജില്ലാ ലേബര്‍ ഓഫീസര്‍ അന്വേഷണമാരംഭിച്ചു. നെടുമങ്ങാട് അസി ലേബര്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടി. ലേബര്‍ കാര്‍ഡുളളവര്‍ കുറ്റക്കാരെന്നു തെളിഞ്ഞാൽ കാര്‍ഡ് സസ്പെന്‍ഡ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

പരുക്കേറ്റ കരാറുകാരൻ മണികണ്ഠനും പ്ലാമൂട് സ്വദേശി അരുൺകൃഷ്ണയും ചികില്‍സയിലാണ്. ചെങ്ങന്നൂർ സ്വദേശി അശോകൻ പോറ്റി വീടു നിർമാണം നടത്തുന്നിടത്താണ് സംഘർഷം നടന്നത്. വിവിധ യൂണിയനുകളിൽപ്പെട്ട 15 ഓളം പേരാണ് സ്ഥലത്തെത്തിയത്. 10, 000 രൂപ നോക്കുകൂലി ആവശ്യപ്പെട്ടാണ് അക്രമം നടത്തിയത്.
  


  


    
    

    


Post a Comment

0 Comments