തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ഒഴിവാക്കിയ പല ആചാരാനുഷ്ടാനങ്ങളും പുനഃസ്ഥാപിച്ച് ഇക്കുറി നവരാത്രി ഘോഷയാത്ര നടത്താൻ തീരുമാനം. കരമന മുതൽ വേളിമല കുമാരസ്വാമിയെ എഴുന്നള്ളിക്കാൻ ഉപയോഗിക്കുന്ന വെള്ളിക്കുതിരയെ ഇക്കുറി വേളിമലയിൽ നിന്നു ഘോഷയാത്രയ്ക്കൊപ്പം കൊണ്ടുവരുന്നതു പരിഗണിക്കും. കലക്ടറുമായി ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ അവലോകന യോഗത്തിൽ തീരുമാനിച്ചു. ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്ക് പൊലീസ് പാസ് വിതരണം ചെയ്യാനും തീരുമാനിച്ചു.
സരസ്വതീ ദേവി, വേളിമല കുമാരസ്വാമി, മുന്നൂറ്റിനങ്ക വിഗ്രഹങ്ങളുമായുള്ള ഘോഷയാത്ര അടുത്ത മാസം 3 നാണ് പത്മനാഭപുരത്ത് നിന്ന് ആരംഭിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന കഴിഞ്ഞ വർഷം മോട്ടർ വാഹനങ്ങളിൽ വിഗ്രഹങ്ങളെ എഴുന്നള്ളിക്കാനായിരുന്നു ആദ്യ തീരുമാനം. ഭക്തരും വിവിധ ഹൈന്ദവ സംഘടനകളും രൂക്ഷമായ എതിർപ്പുന്നയിച്ചപ്പോൾ സർക്കാർ തീരുമാനം മാറ്റി. പല്ലക്കു മാതൃകയിലുള്ള വാഹനങ്ങളിലാണ് വിഗ്രഹങ്ങളെ എഴുന്നള്ളിച്ചത്. ഘോഷയാത്രയിൽ ആനയും വെള്ളിക്കുതിരയും വഴി നീളെയുള്ള തട്ടനിവേദ്യവും മറ്റ് പൂജകളും ഒഴിവാക്കിയിരുന്നു.
ഇക്കുറി വെള്ളിക്കുതിരയെ എഴുന്നള്ളിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. പാറശാല മഹാദേവ ക്ഷേത്രത്തിലും നേമത്തും ഇറക്കിപൂജ വേണമെന്നും വിവിധ സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടു. ഉടവാളുമായി വരുന്ന ഭക്തർക്ക് പാറശാല, നേമം എന്നിവിടങ്ങളിൽ അര മണിക്കൂർ വീതം വിശ്രമം അനുവദിക്കുന്നതു പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.
കേരള അതിർത്തി കടന്നാൽ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച് കലക്ടർ, സിറ്റി പൊലീസ് കമ്മിഷണർ, റൂറൽ എസ്പി എന്നിവരുമായി ആലോചിച്ച് തീരുമാനമെടുക്കാനും മന്ത്രി വി.ശിവൻകുട്ടി നിർദേശിച്ചു. സബ് കലക്ടർ എം.എസ്.മാധവിക്കുട്ടി, സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ, റൂറൽ എസ്പി. പി.കെ. മധു, ദേവസ്വം ഉദ്യോഗസ്ഥർ, നവരാത്രി ആഘോഷ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.