കരുപ്പൂര്: ഉഴപ്പാക്കോണം തടത്തരികത്ത് വീട്ടില്‍ സൂര്യഗായത്രിയെ (20) വീട്ടിൽ കയറി കുത്തിക്കൊന്ന കേസിൽ തെളിവെടുപ്പ് പൂര്‍ത്തിയായി. പ്രതി പേയാട് വാറുവിളാകത്ത് വീട്ടില്‍ അരുണിനെ ആക്രമണം നടന്ന വീട്ടിലും ആയുധം ഒളിപ്പിച്ച സ്ഥലത്തും ഒളിച്ചിരുന്ന ഇടങ്ങളിലും ആക്രമണം ആസൂത്രണം ചെയ്യാൻ തങ്ങിയ ഇടങ്ങളിലും എത്തിച്ചാണ് തെളിവെടുത്തത്. ദീര്‍ഘകാലമായി സൗഹൃദം പുലര്‍ത്തുകയും അതിന്റെ മറവിൽ പണം കൈപ്പറ്റുകയും ചെയ്തശേഷം വാക്കുപറഞ്ഞപ്രകാരം പ്രവർത്തിക്കാൻ കൂട്ടാക്കാത്തതിന്റെ വൈരാഗ്യത്തിലാണ് സൂര്യഗായത്രിയെ കൊലപ്പെടുത്തിയതെന്നാണ് അരുണ്‍ മൊഴിനൽകിയത്. മൂന്ന് ദിവസം രഹസ്യമായി വീടും പരിസരവും നിരീക്ഷിച്ചാണ് കൊലയ്ക്കുള്ള കളമൊരുക്കിയത്.
കഴിഞ്ഞ 30ന് ആയിരുന്നു സൂര്യഗായത്രിയെ ഉഴപ്പാക്കോണത്തെ വീട്ടില്‍ കയറി അരുണ്‍ കുത്തിയത്. ശരീരമാസകലം കുത്തുകളേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സൂര്യഗായത്രി 31ന് പുലര്‍ച്ചെയാണ് മരിച്ചത്. ആക്രമണം തടയുന്നതിനിടെ അമ്മ വത്സലയ്ക്കും പരിക്കേറ്റു. ഇതിനിടെ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ സ്വയം കൈവിരലുകൾ അറുത്തു മുറിച്ചതായും ഇയാൾ പൊലീസിനോടു സമ്മതിച്ചു. മൂന്ന് ദിവസത്തെ തെളിവെടുപ്പിനുശേഷം നെടുമങ്ങാട് കോടതി റിമാന്‍ഡ് ചെയ്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.