Recent-Post

കാഷ്വാലിറ്റി സൗകര്യമുള്ള സർക്കാർ ആശുപത്രികളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും

തിരുവനന്തപുരം: ജില്ലയിലെ കാഷ്വാലിറ്റി സൗകര്യമുള്ള സർക്കാർ ആശുപത്രികളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രി, ഗവ.ഫോർട്ട് ആശുപത്രി എന്നിവിടങ്ങളിൽ ഡോക്ടർമാർക്ക് നേരെ നടന്ന അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ആശുപത്രികളിലെ പ്രവേശന പോയിന്റുകളിലായിരിക്കും സിസിടിവി ക്യാമറകൾ സ്ഥാപിക്കുക. ദേശീയ ആരോഗ്യ ദൗത്യത്തിനാണ് സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുള്ള ചുമതല നൽകിയിട്ടുള്ളത്. വൈകാതെ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.


കോവിഡ്- കോവിഡ് ഇതര മാനേജ്‌മെന്റ്, ധന വിഹിതം, കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ മെച്ചപ്പെടുത്തൽ, ആശാ വർക്കർമാരുടെ ഓണറേറിയം, കാരുണ്യ കമ്മ്യൂണിറ്റി ഫാർമസികളുടെ പ്രവർത്തനം, ക്ഷയ രോഗ നിർമാർജന പ്രവർത്തനങ്ങൾ, ജില്ലയിലെ വിവിധ ആരോഗ്യ പദ്ധതികൾ എന്നിവയെ സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തു. കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. ഷിനു, ദേശീയ ആരോഗ്യ ദൗത്യം ഡിപിഎം ഡോ. അരുൺ പി.വി, ആർദ്രം നോഡൽ ഓഫിസർ ഡോ. അജീഷ്,നാഷണൽ ആയുഷ് മിഷൻ ഡിപിഎം ഡോ. കെ.എസ്. ഷൈജു, കുടുംബശ്രീ ജില്ലാ പ്രോജക്റ്റ് മാനേജർ രജിത പി. ജിത്തു, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


  


  


    
    

    


Post a Comment

0 Comments