Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

സ്വതന്ത്ര സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത് കൗതുകകാഴ്ചയായി

തിരുവനന്തപുരം: നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥിയായ മഞ്ചയിൽ ഇബിനു നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത് കൗതുകകാഴ്ചയായി. ഇന്നലെ കലക്ടറേറ്റിൽ എത്തിയത് സ്വന്തം വാഹനമായ കുതിരപ്പുറത്ത്. അകമ്പടിയായി മറ്റൊരു കുതിരയും ഒട്ടകവും എത്തി.  രാവിലെ 11ന് കലക്ടറേറ്റ് കവാടത്തിലെത്തിയത് കുതിരപ്പുറത്തായതിനാൽ പൊലീസ് തടഞ്ഞു. ഇബിനു വാദിച്ചു നോക്കിയെങ്കിലും പൊലീസ് വഴങ്ങിയില്ല. ഒടുവിൽ കലക്ടറേറ്റ് കവാടത്തിൽ കുതിരകളെയും ഒട്ടകത്തേയും പാർക്ക് ചെയ്താണ് സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിക്കാൻ പോയത്.

റോഡുകളുടെ ദുരവസ്ഥയിലും ഇന്ധന വില വർധനവിലുമുള്ള പ്രതിഷേധമായി കൂടിയാണ് കുതിരപ്പുറത്ത് എത്തിയതെന്നാണ് ഇബിനു പറയുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും ഇദ്ദേഹം നെടുമങ്ങാട് നഗരസഭയിൽ സ്വതന്ത്രനായി മത്സരിച്ചിരുന്നു. കുതിരപ്പുറത്താണ് വോട്ട് പിടുത്തം. നെടുമങ്ങാട് പാത്രക്കട നടത്തുന്ന ഇബിനു രണ്ടര വർഷം മുൻപാണ് കുതിരകളെയും രാജസ്ഥാനിൽ നിന്നെത്തിച്ച ഒട്ടകത്തേയും വളർത്താൻ തുടങ്ങിയത്. കളക്ട്രേറ്റിലെത്തിയ ഇബിനുവിനെയും കുതിരകളെയും ഒട്ടകത്തെയും കണ്ടതോടെ അവിടെ ഉണ്ടായിരുന്നവർക്കും കൗതുകക്കാഴ്ചയായി.



Post a Comment

0 Comments