Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

നിർഭയനായ രാഷ്ട്രീയക്കാരനായിരുന്നു ജി കാർത്തികേയനെന്ന് വി എം സുധീരൻ

ആര്യനാട്: കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ നിർഭയനായ രാഷ്ട്രീയക്കാരനായിരുന്നു ജി കാർത്തികേയനെന്ന് മുൻ കെപിസിസി പ്രസിഡന്റ്‌ വിഎം സുധീരൻ. ജി കാർത്തികേയൻ മെമ്മോറിയൽ ട്രസ്റ്റും കോൺഗ്രസ്‌ അരുവിക്കര നിയോജകമണ്ഡലം കമ്മിറ്റിയും ആര്യനാട് നടത്തിയ ജി കാർത്തികേയൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജി കാർത്തികേയൻ ഉയർത്തിപ്പിടിച്ച നിലപാടുകൾ സ്ഥിരതയുള്ളതായിരുന്നു. ഒരു രാഷ്ട്രീയ നേതാവും കാണിക്കാത്ത ആർജവവും ധൈര്യവും കൈമുതലാക്കിയ കാർത്തികേയൻ വരും തലമുറയിലെ രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് പാഠപുസ്തകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അരുവിക്കരയുടെ ജനപ്രതിനിധിയായി കാൽ നൂറ്റാണ്ട് പിന്നിട്ട ശേഷമാണു അദ്ദേഹം നമ്മോടു വിടപറഞ്ഞത്. അദ്ദേഹം വിടപറഞ്ഞു ആറു വർഷം പിന്നിടുമ്പോഴും ജനങ്ങളുടെ മനസ്സിൽ ജ്വലിക്കുന്ന സ്മരണകളായി അദ്ദേഹം നിലനിൽക്കുമെന്നും സുധീരൻ അഭിപ്രായപ്പെട്ടു.

മുൻ വിവരാവകാശ കമ്മീഷണർ അഡ്വ വിതുര ശശി അധ്യക്ഷത വഹിച്ചു. കെഎസ് ശബരീനാഥൻ എംഎൽഎ, ജി കാർത്തികേയൻ മെമ്മോറിയൽ ട്രസ്റ്റ്‌ ചെയർപേഴ്സൺ ഡോ. എം ടി സുലേഖ, ഡിസിസി ജനറൽ സെക്രട്ടറിമാരായ എൻ ജയമോഹൻ, അഡ്വ. സി എസ് വിദ്യാസാഗർ, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റുമാരായ മലയടി പുഷ്‌പാംഗതൻ, സിആർ ഉദയകുമാർ, ജി കാർത്തികേയൻ മെമ്മോറിയൽ ട്രസ്റ്റ്‌ മെമ്പർ അഡ്വ. നിർമ്മലാനന്ദൻ, കോൺഗ്രസ്‌ ആര്യനാട് മണ്ഡലം പ്രസിഡന്റ്‌ ഷിജി കേശവൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.



Post a Comment

0 Comments