തിരുവനന്തപുരം: സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങി പേരുമാറ്റാതെ ഓടിക്കുന്നവരെ കണ്ടെത്താൻ സിറ്റി പൊലീസ് നഗരത്തിൽ വ്യാപകമായി വാഹന പരിശോധന തുടങ്ങി. തങ്ങൾ വിറ്റ വാഹനം പലരും പേരു മാറ്റാതെ ഓടിക്കുന്നെന്നു ചൂണ്ടിക്കാട്ടി ലഭിച്ച പരാതികളുടെ പ്രവാഹമാണു പരിശോധനയ്ക്കു കാരണം. തൂവാല കൊണ്ടും മറ്റും മുഖം മറച്ചു വാഹനമോടിക്കുന്നവരെയും ചോദ്യം ചെയ്യും. നിയമലംഘനങ്ങൾക്കു പിഴ ചുമത്തി പൊലീസ് കൺട്രോൾ റൂമിൽ നിന്ന് അയക്കുന്ന ആയിരക്കണക്കിനു നോട്ടിസുകൾ നാഥനില്ലാതെ പൊലീസ് കൺട്രോൾ റൂമിലേക്കു തന്നെ മടങ്ങുകയാണിപ്പോൾ.
വർഷങ്ങൾക്കു മുൻപു വാങ്ങിയ വാഹനങ്ങൾ പലരും പേരു മാറ്റാതെ പഴയ ഉടമയുടെ പേരിൽത്തന്നെ സൂക്ഷിക്കുന്നതാണു പ്രശ്നത്തിനു കാരണം. ഇരുചക്ര വാഹനങ്ങളാണ് ഇവയിൽ അധികവും. ഹെൽമറ്റ് ധരിക്കാതെയും മറ്റും വാഹനം ഓടിക്കുന്നതു കണ്ടാൽ വാഹനത്തിന്റെ നമ്പർ രേഖപ്പെടുത്തിയ ശേഷം മോട്ടോർ വാഹന വകുപ്പിൽ നിന്നു മേൽവിലാസം ശേഖരിച്ചു നോട്ടിസ് അയയ്ക്കുകയാണു പൊലീസ് ചെയ്യുന്നത്.
എന്നാൽ നോട്ടിസ് കിട്ടുന്ന പലരും തങ്ങൾ വാഹനം വർഷങ്ങൾക്കു മുൻപു തന്നെ വിറ്റതാണെന്നു പൊലീസിനെ അറിയിക്കുകയാണ്. നിയമപ്രകാരം പലരും പിഴ അടയ്ക്കുന്നുണ്ടെങ്കിലും ചിലർ കോടതിയിലേക്കു പോകുന്നുണ്ട്. നിയമലംഘനത്തിനു തെളിവു ചോദിച്ചും വാഹന ഉടമകൾ എത്തുന്നുണ്ട്. വിറ്റ വാഹനം പലരുടെ കൈമറിഞ്ഞ് ഇപ്പോൾ ആരാണ് ഉപയോഗിക്കുന്നതെന്നു കണ്ടെത്താൻ ഉടമകൾക്കു കഴിയുന്നുമില്ല. നോട്ടിസ് കിട്ടിയ പലരും ഇപ്പോൾ വാഹനം ഉപയോഗിക്കുന്നവരെ തിരിച്ചറിയാനായി കൺട്രോൾ റൂമിലെ ദൃശ്യങ്ങൾ പരിശോധിക്കാനെത്തുന്നതും പൊലീസിനു തലവേദനയായി.
പേരുമാറ്റാത്ത വാഹനങ്ങൾ മാലപൊട്ടിക്കൽ സംഘങ്ങൾ ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കേസുകളിൽ യഥാർഥ ഉടമ പ്രതിയോ സാക്ഷിയോ ആയേക്കുമെന്നും പൊലീസ് മുന്നറിയിപ്പു നൽകുന്നു. പരിശോധനയിൽ, ഓടിക്കുന്നയാളുടെ പേരിലല്ല വാഹനം എന്നു കണ്ടെത്തിയാൽ ഉടൻ ഉടമയെ ഫോണിൽ ബന്ധപ്പെട്ടു വിവരം അറിയിക്കാനും പേരു മാറ്റിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്നു കൺട്രോൾ റൂം അസിസ്റ്റന്റ് കമ്മിഷണർ സുരേഷ്കുമാർ വ്യക്തമാക്കി. തൂവാല കൊണ്ടു മുഖം കെട്ടിമറച്ചു വാഹനമോടിക്കുന്നവരുടെ എണ്ണവും നഗരത്തിൽ പെരുകുകയാണ്. യുവാക്കളുടെ ഇടയിൽ തരംഗം തന്നെയായിട്ടുണ്ട്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.