വെള്ളനാട്: കോടതിയുടെ സ്റ്റേ ഉത്തരവ് നിലനിൽക്കെ കടയുടെ മുൻവശം ഇടിച്ചുനിരത്തിയതായി പരാതി. വെള്ളനാട് ജംക്‌ഷനിലെ അമർജ്യോതി ഭവനിൽ സുരേന്ദ്രൻ നായരുടെ ജയചന്ദ്ര സ്റ്റോഴ്സ് ആൻഡ് ബുക്ക് സ്റ്റാളിന്റെ മുൻവശമാണ് ഇടിച്ചുനീക്കിയത്. ഇതോടെ, കട തുറക്കാൻ കഴിയാതെയായി.
ഇതിൽനിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനമാണു വിധവയായ മകളും രണ്ടു ചെറുമക്കളും അടങ്ങുന്ന സുരേന്ദ്രൻ നായരുടെ കുടുംബത്തിന്റെ ഉപജീവന മാർഗം. കടയ്ക്കു പിന്നിലെ ഇടുങ്ങിയ വീട്ടിലാണ് ഇവരുടെ താമസം. മുൻവശം ഇടിച്ചതോടെ വീട്ടിനുള്ളിലേക്കു കയറാനാകാത്ത സ്ഥിതിയായി. വീട്ടിനുള്ളിൽ ഒതുക്കിയ സ്കൂട്ടർ റോഡിലേക്ക് ഇറക്കാനും കഴിയുന്നില്ല. പൈപ്പ് ലൈൻ കണക്‌ഷനു തകരാർ സംഭവിച്ചതോടെ വീട്ടിലേക്കുള്ള കുടിവെള്ള വിതരണവും തടസ്സപ്പെട്ടു.
രണ്ടു സെന്റിൽ കഴിയുന്ന ഇവർക്ക് സ്വന്തമായി കിണറും ഇല്ല. കട സ്ഥിതിചെയ്യുന്നതു പുറമ്പോക്കിൽ അല്ലെന്നുള്ള രേഖകളും കോടതി ഉത്തരവും കാണിച്ചിട്ടും പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കടയുടെ മുൻവശം ഇടിച്ചുനിരത്തുകയായിരുന്നെന്നു സുരേന്ദ്രൻ നായർ പറഞ്ഞു. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും സുരേന്ദ്രൻ നായർ പറഞ്ഞു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.