Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

കരകുളം ഗവ. എച്ച് എസ് എസ് ലെ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ പ്രകാശനം സി.ദിവാകരൻ എംഎൽഎ നിർവഹിച്ചു

കരകുളം: കരകുളം ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ പ്രകാശനം സി.ദിവാകരൻ എംഎൽഎ നിർവഹിച്ചു. ഉന്നതവിദ്യാഭ്യാസ രംഗത്ത് ഏറെ നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനമാണു കേരളമെന്നും വിദ്യാസമ്പന്നരായ തൊഴിൽരഹിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ സാങ്കേതിക നൈപുണ്യം കൈവരിച്ച മാനവവിഭവശേഷിയുടെ അപര്യാപ്തത പല മേഖലകളുടെയും വികസനത്തിനു വിഘാതമാകുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 



ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സമൂഹത്തിനാവശ്യമായ സാങ്കേതിക പരിജ്ഞാനം ലഭിച്ച തൊഴിൽ ശക്തിയെ ലഭ്യമാക്കുന്നതിനുമാണു കേരളത്തിൽ തൊഴിലധിഷ്‌ഠിത ഹയർ സെക്കൻഡറി വിദ്യാഭ്യാസ പദ്ധതിക്കു തുടക്കം കുറിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിരിക്കുന്ന പഠനനേട്ടങ്ങൾ സ്വായത്തമാക്കാൻ വ്യത്യസ്ത പഠനാനുഭവങ്ങൾ കുട്ടികൾക്കു പ്രദാനം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

പിടിഎ പ്രസിഡന്റ് വി.രാജീവ്‌ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ലത, പ്രിൻസിപ്പൽമാരായ സി.ജ്യോതി, അമ്പിളി വി.നായർ, ഹെഡ്മിസ്ട്രസ് ബിന്ദു, എസ്എംസി ചെയർമാൻ ജയചന്ദ്രൻ, മദർ പിടിഎ പ്രസിഡന്റ് സിന്ധു പ്രദീപ്‌ എന്നിവർ പ്രസംഗിച്ചു. നെടുമങ്ങാട് ഗവ. എൽപി സ്കൂളിലെ അക്കാദമിക് മാസ്റ്റർപ്ലാൻ സമർപ്പണവും എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ച ക്ലാസ്മുറികളുടെ നിർമാണോദ്ഘാടനവും സി.ദിവാകരൻ എംഎൽഎ നിർവഹിച്ചു. 

നഗരസഭ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ ടി.ആർ.സുരേഷ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ടി.അർജുനൻ, എഇഒ എം.രാജ്‌കുമാർ, ബിപിഒ മോഹനകുമാർ, ഹെഡ്മാസ്റ്റർ ജി.സുരേഷ്, പിടിഎ പ്രസിഡന്റ് സന്തോഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു. അരുവിക്കര ഗവ. എച്ച്എസ്എസിലെ വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനും അടിസ്ഥാന വികസനത്തിനും വേണ്ടിയുള്ള സമഗ്രമായ അക്കാദമിക് മാസ്റ്റർ പ്ലാൻ കെ.എസ്.ശബരീനാഥൻ എംഎൽഎ പ്രകാശനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.മിനി ഏറ്റുവാങ്ങി. പിടിഎ പ്രസിഡന്റ് എ.വിനോജബാബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ വിജയൻ നായർ, വിജയകുമാരി ബാബു, എസ്എംസി ചെയർമാൻ എസ്.മണികണ്ഠൻ നായർ, പ്രിൻസിപ്പൽ എ.ഗണപതി, ഹെഡ്മിസ്ട്രസ് സരള, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു. 

അരുവിക്കര ഗവ. എൽപിഎസിലെ അക്കാദമിക് മാസ്റ്റർ പ്ലാൻ ഉയിർപ്പ് ഹെഡ്മിസ്ട്രസ് കെ.ജി.വിജയകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.മിനിക്കു സമർപ്പിച്ചു. പിടിഎ പ്രസിഡന്റ് ആന്റണി അധ്യക്ഷത വഹിച്ചു. ആർ.എസ്.സിജാറാണി, എസ്ആർജി കൺവീനർ അമ്പിളി എന്നിവർ പ്രസംഗിച്ചു. കരകൗശല കോർപറേഷൻ ചെയർമാൻ കെ.എസ്.സുനിൽ കുമാർ, വിജയകുമാരി ബാബു, ജമീലാബിവി, ജ്യോതിസ് മായ എന്നിവർ പങ്കെടുത്തു, ആറ്റിൻപുറം ഗവ. യുപിഎസ് അക്കാദമിക് മാസ്റ്റർ പ്ലാൻ ഹെഡ്മിസ്ട്രസ് എസ്.ഉഷാകുമാരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനിക്കു കൈമാറി.


Post a Comment

0 Comments