ആര്യനാട്: പാലം ജംക്‌ഷനിലും സമീപ പ്രദേശങ്ങളിലും ഒരാഴ്ചയ്ക്കിടെ കടകളിൽ അരങ്ങേറിയതു രണ്ടുമോഷണവും ഒരു മോഷണ ശ്രമവും. മോഷ്ടാവിനെ കുറിച്ച് തുമ്പില്ലാതെ പൊലീസ്. പൊലീസ് സ്റ്റേഷന്റെ അരകിലോമീറ്റർ ചുറ്റളവിലെ കടകളിൽ നടന്ന മോഷണങ്ങളിൽ പ്രതികളെ പൊലീസ് പിടികൂടാത്തതിൽ വ്യാപാരികൾക്ക് അമർഷം. മോഷണങ്ങൾ തുടർക്കഥയായതോടെ രാത്രി കട പൂട്ടി വീട്ടിൽ പോകാൻ കച്ചവടക്കാർക്കു ഭയം.
മോഷണം നിരവധി കടകളിൽ കഴിഞ്ഞ 19നു കെഎസ്ആർടിസി ഡിപ്പോക്കു സമീപം തോളൂർ ലാവണ്യയിൽ എ.പി.ജലജയുടെ ഡയാന ഫാൻസിയിലാണു മോഷണ ശ്രമം നടന്നത്. അടുത്തദിവസം പഞ്ചായത്ത് ഓഫിസിനു സമീപം കോട്ടയ്ക്കകം കോരാൻ കുഴി തടത്തരികത്തുവീട്ടിൽ ശശിധരന്റെ എഎസ് സ്റ്റോറിലും കഴിഞ്ഞ ഞായർ രാത്രി ആര്യനാട് എക്സൈസ് ഓഫിസിനു സമീപത്തെ കുന്നുംപുറം ശിവനന്ദനത്തിൽ ശ്രീനിവാസന്റെ കടയിലും കവർച്ച നടന്നു.
കൂടാതെ കഴിഞ്ഞ നവംബർ 30നു മാർക്കറ്റ് ജംക്‌ഷനു സമീപത്തെ തോളൂർ അശ്വതി ഭവനിൽ ചന്ദ്രന്റെ കടയിൽ കള്ളൻ കയറി. മോഷ്ടാവിന് പ്രിയം സിഗരറ്റ് പാക്കറ്റുകൾ കടകളിൽ നടന്ന മോഷണത്തിൽ തസ്കരൻ കൊണ്ടുപോയതു പണത്തിനു പുറമേ സിഗരറ്റ് പാക്കറ്റുകളും. ചന്ദ്രന്റെ കടയിൽ നിന്നും 5,000 രൂപക്കു പുറമേ വൻതുകയ്ക്കുള്ള സിഗരറ്റ് പാക്കറ്റുകളും ബീഡികളും. ശശിധരന്റെ കടയിൽ നിന്നും 500 രൂപയും സിഗരറ്റ് പാക്കറ്റുകളും കവർന്നു.
ശ്രീനിവാസന്റെ കടയിൽ നിന്നും വിലകൂടിയ 70 പാക്കറ്റോളം സിഗരറ്റുകളും കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 3000 രൂപയോളം വരുന്ന ചില്ലറയും മോഷ്ടാവ് കൊണ്ടുപോയി. മുൻവശത്തെ ഷട്ടറിന്റെ പൂട്ടുതകർത്താണു കടകളിലെല്ലാം മോഷണം നടന്നിരിക്കുന്നത്. പൊലീസ് അന്വേഷണം മോഷണം തുടർക്കഥയായിട്ടും ആര്യനാട് പൊലീസ് അന്വേഷണം പ്രഹസനമെന്ന് അക്ഷേപം. കഴിഞ്ഞ 19നു മോഷണ ശ്രമം നടന്ന ഡയാന ഫാൻസിയിൽ ഫിംഗർ പ്രിന്റ് വിഗദ്ധരെത്തിയത് 26ന്. മോഷണ ശ്രമം നടന്നയുടൻ വിവരം അറിയിക്കണമെന്നായിരുന്നു പരിശോധനയ്ക്കെത്തിയ ഫിംഗർ പ്രിന്റ് വിഗദ്ധർ കടയുടമയോട് ആവശ്യപ്പെട്ടത്.
എന്നാൽ പൊലീസാണു വിരലടയാള വിഗദ്ധരെ അറിയിക്കേണ്ടത്. മോഷണങ്ങളിൽ പൊലീസിന്റെ പ്രാഥമിക പരിശോധനകൾ കഴിഞ്ഞാൽ പിന്നെ അന്വേഷണം നിലച്ച മട്ടാണെന്നും ആക്ഷേപമുണ്ട്. വ്യാപാരികൾ അമർഷത്തിൽ പൊലീസ് പരിശോധനകൾ കാര്യക്ഷമമാക്കി മോഷണങ്ങൾക്കു പരിഹാരം കാണണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ആര്യനാട് യൂണിറ്റ് ആവശ്യപ്പെട്ടു.
ആര്യനാട്ടെ വ്യാപാര സ്ഥാപനങ്ങളിൽ നിരവധി മോഷണങ്ങളാണ് അടുത്തിടെ നടന്നത്. പൊലീസിന്റെ ഭാഗത്തുനിന്ന് സജീവ ശ്രദ്ധയും രാത്രികാല റോന്തും കാര്യക്ഷമമാക്കി ഇതിനു പരിഹാരം കാണണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് വർണനാ സുരേന്ദ്രൻ, സെക്രട്ടറി കെ.ഷിബു, ട്രഷറർ പി.എൻ.കൃഷ്ണൻ എന്നിവർ അറിയിച്ചു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.