Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഗതാഗതകുരുക്കിൽ മുങ്ങി വെഞ്ഞാറമൂട് ടൗൺ

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ടൗണിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ ടൗണിനു ചുറ്റുമുള്ള റിങ് റോഡുകളുടെ നവീകരണത്തോടൊപ്പം സംസ്ഥാന പാതയിൽ വെഞ്ഞാറമൂട് ജംക്‌ഷനിൽ ഫ്ലൈ ഓവറും റോഡു വികസനവും സാധ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. എന്നാൽ ഡി.കെ.മുരളി എംഎൽഎയുടെ നേതൃത്വത്തിൽ ആദ്യമായി രണ്ടു റിങ് റോഡുകൾ നിർമിക്കാൻ ബജറ്റിൽ തുക കൊള്ളിച്ചു. 

venjaramood town traffic block
 
സംസ്ഥാന പാതയിൽ പിരപ്പൻകോട് നിന്നും നാഗരു കുഴി, പന്തപ്ലാവിക്കോണം, നെല്ലനാട് വഴി എംസി റോഡിലെ അമ്പലമുക്കിലെത്തുന്ന 8.5 കിലോ മീറ്റർ റോഡും ആറ്റിങ്ങൽ റോഡിൽ നിന്നും കാവറ , പൊലീസ് സ്റ്റേഷൻ വഴി മാർക്കറ്റ് ജംക്‌ഷനിൽ പുത്തൻപാലം റോഡിൽ പ്രവേശിക്കുന്ന 1.5 കിലോ മീറ്റർ റോഡും നവീകരിക്കാൻ നടപടികൾ സ്വീകരിക്കുകയും നിർമാണോദ്ഘാടനം കഴിയുകയും ചെയ്തു.

ഈ റോഡിന്റെ സ്ഥലമെടുപ്പു സംബന്ധിച്ച് നാട്ടുകാരുടെ യോഗവും നടന്നു. നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. വാഹനങ്ങൾ റിങ് റോഡു വഴി തിരിച്ചുവിട്ടു ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ ശ്രമിക്കുമ്പോൾ വെഞ്ഞാറമൂട് ടൗണിന്റെ വികസനത്തിനു റോഡിന്റെ വീതി വർധിപ്പിക്കാൻ നടപടി സ്വീകരിക്കേണ്ടതുണ്ട്. 

2004ൽ തൈക്കാട്– ചെങ്ങന്നൂർ പാത വന്നപ്പോൾ വെഞ്ഞാറമൂട് ടൗൺ പുനർ നിർമിക്കുന്നതിനു മികച്ച രീതിയിൽ രൂപകൽപന നടത്തിയിരുന്നുവെന്നും എന്നാൽ ചില ഇടപെടലുകളുടെ ഭാഗമായി ടൗണിന്റെ രൂപകൽപന ഒഴിവാക്കി നിലവിലെ സ്ഥിതിയിലുള്ള റോഡിൽ ടാർ ചെയ്തു പോകുകയാണുണ്ടായതെന്നും നാട്ടുകാർ പറയുന്നു. 

വെഞ്ഞാറമൂട് ജം‌ക്‌ഷനിൽ റോഡ് പുറമ്പോക്കുണ്ടെന്നും ഇതിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നുമാണ് മറ്റൊരു ആക്ഷേപം. പരാതിയെത്തുടർന്നു താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്തിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവർക്ക് ഇതു സംബന്ധിച്ചു റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും റവന്യൂ അധികൃതർ പറയുന്നു. 

വരും വർഷങ്ങളിൽ എംസി റോഡ് വീതി കൂട്ടുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നതായാണു വിവരമെന്നും അതിനോടൊപ്പം വെഞ്ഞാറമൂട്ടിൽ ബ്ലോക്ക് ഓഫിസ് ജംക്‌ഷനിൽ നിന്നും വയ്യേറ്റ് വരെ ഫ്ലൈ ഓവർ നിർമിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നുമാണു വിവിധ സംഘടനകളും നാട്ടുകാരും ആവശ്യപ്പെടുന്നത്. 

വെഞ്ഞാറമൂട് ടൗണിലെ ഗതാഗതക്കുരുക്ക് പ്രദേശത്തെ വ്യാപാരത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതിനു വാഹന യാത്രികരായവർക്കു ഗതാഗതക്കുരുക്ക് തടസ്സമാണ്. 

വാഹന പാർക്കിങ്ങിന് സ്ഥിരമായ സ്ഥലം പഞ്ചായത്തും കണ്ടെത്തി പാർക്കിങ് സൗകര്യവുമൊരുക്കിയാൽ വ്യാപാര സ്ഥാപനങ്ങളെയും മികച്ച നിലവാരത്തിലേക്കുയർത്താൻ കഴിയുമെന്നു ചൂണ്ടിക്കാട്ടുന്നു. വെഞ്ഞാറമൂട്ടിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ആശയ സ്വരൂപണത്തിനായി വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ പൊതു ചർച്ച സംഘടിപ്പിക്കാനൊരുങ്ങുകയാണു നാട്ടുകാർ. 



Post a Comment

0 Comments