Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പരിസ്ഥിതി പരിപാലനം വാഗ്ദാനം, കിട്ടിയതോ??... മാലിന്യ പ്ളാന്റ്

പാലോട്: ഇടതു സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപനത്തിൽ പരിസ്ഥിതി പരിപാലനത്തിനും പശ്ചിമഘട്ട വികസനത്തിനും ടൂറിസം പദ്ധതികൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായിരുന്നു. ഈ പ്രഖ്യാപനത്തിന്റെ വലിയ ഗുണം ലഭിക്കേണ്ടതു കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തും അനവധി ടൂറിസം പദ്ധതികൾ ഉള്ളതും, ജൈവവൈവിധ്യ കലവറയിൽ ലോകത്തുതന്നെ മികച്ചതെന്നു യുഎൻ പഠനസംഘത്തിന്റെ പട്ടികയിൽ ഇടം നേടിയതുമായ പെരിങ്ങമ്മല പഞ്ചായത്തിനായിരുന്നു. 

IMA Bio-metric-palnt palode


എന്നാൽ ബജറ്റ് അടുത്തിരിക്കെ ആദ്യ പ്രഖ്യാപനം പാഴ്‌‌വാക്കായി എന്നു മാത്രമല്ല നിർഭാഗ്യവശാൽ പഞ്ചായത്തിലേക്കു കൊണ്ടുവരാൻ ശ്രമിക്കുന്നത് ഈ പച്ചപ്പിനെ നശിപ്പിക്കുന്ന മാലിന്യ പ്ലാന്റാണെന്നതു പ്രഖ്യാപനത്തിലെ ആത്മാർഥതയെ ചോദ്യം ചെയ്യുന്നു. പഞ്ചായത്തിന്റെ ഒന്നാം വാർഡായ പൊൻമുടി മുതൽ കുളത്തൂപ്പുഴ അരിപ്പ വരെ കിഴക്കൻ മലനിരകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ജൈവവൈവിധ്യങ്ങളുടെ സുന്ദരഭൂമിയാണു പെരിങ്ങമ്മല. 

സഹ്യപർവതത്തിന്റെ ഓരപ്രദേശത്തു തെക്കുവടക്കായി 21,600 ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന പഞ്ചായത്തിന്റെ കിഴക്കുഭാഗത്തായി തമിഴ്നാട് അംബാസമുദ്രവും പടിഞ്ഞാറായി തിരുവനന്തപുരം-ചെങ്കോട്ട സംസ്ഥാന പാതയുമാണ്. വിസ്തൃതിയിൽ കണ്ടൽക്കാടും ചതുപ്പും അടങ്ങിയ 16,925 ഹെക്ടർ വനഭൂമി പ്രത്യേകതയാണ്. ബാക്കിയുള്ളതിൽ 125 ഹെക്ടറിൽ ലോകത്തുതന്നെ അറിയപ്പെടുന്ന സസ്യവൈവിധ്യങ്ങളുടെ കലവറയായ ബൊട്ടാണിക് ഗാർഡൻ സ്ഥിതി ചെയ്യുന്നു. മഴയും മറ്റു പ്രകൃതിദത്ത ജലസ്രോതസ്സുകളുടെ സാന്നിധ്യവും കൊണ്ട് അനുഗൃഹീതമാണ് ഈ ഭൂമി.

പുഴകളും തോടുകളും ഇതര ജലാശയങ്ങളുമുൾപ്പെടെ ഇരുപത്തേഴു ജലമാർഗങ്ങൾ ഈ ഗ്രാമത്തെ ജലസമൃദ്ധമാക്കുന്നു. പതിനായിരത്തിലധികം ഹെക്ടർ പ്രകൃതിദത്ത നിബിഡ വനങ്ങളും രണ്ടായിരത്തോളം ഹെക്ടർ വനവൽകൃത മേഖലകളും ചേർന്നതാണു പെരിങ്ങമ്മല. ഇത്രയും വൈവിധ്യമാർന്ന സസ്യജനുസ്സുകൾ നിറഞ്ഞ പ്രദേശം ലോകത്തുതന്നെ വിരളമാണ്. മിരിസ്റ്റിക്ക ജനുസ്സിലെ ചില സ്പീഷിസുകൾ ശാസ്താനട ഭാഗങ്ങളിൽ കാണാം. 

ശുദ്ധജല ചതുപ്പിലാണ് ഇവ വളരുന്നത്. ഭൂമിക്കു മുകളിലേക്ക് ഉയർന്നു നിൽക്കുന്ന കെട്ടുപിണഞ്ഞ വേരുകൾ കാഴ്ച സമ്മാനിക്കുന്നതാണ്. ജലം നിറഞ്ഞ ചതുപ്പു പ്രദേശങ്ങളിൽ അത്യപൂർവ ഭാഗങ്ങളിൽ മാത്രം വളരുന്ന ട്രോപ്പിക്കൽ സസ്യങ്ങളുടെ വ്യാപക സാന്നിധ്യവും ഇവിടെയുണ്ട്. ഗിരിവർഗ സമൂഹവും അവരുടെ സംസ്കാരവും, പാരമ്പര്യ വൈദ്യവും ഒക്കെയയായി സമ്പന്നമാണു പെരിങ്ങമ്മല. കൃഷിയുടെ ഈറ്റില്ലവും ജില്ലയിലെതന്നെ വലിയ നെൽപാടവും പെരിങ്ങമ്മലയ്ക്കു സ്വന്തം. അനവധി പരമ്പരാഗത ഈറ്റത്തൊഴിലാളികളുള്ള പഞ്ചായത്തു കൂടിയാണിത്.

പൊൻമുടി, മങ്കയം, അരിപ്പ എന്നീ സർക്കാർ ടൂറിസം കേന്ദ്രങ്ങളും ബ്രൈമൂർ സ്വകാര്യ ടൂറിസവും പഞ്ചായത്തിലുണ്ട്. ബ്രിട്ടിഷ് ചരിത്ര ശേഷിപ്പുകളായ എസ്റ്റേറ്റ് ബംഗ്ളാവുകൾ, പാലങ്ങൾ, കുതിരപ്പാതകൾ, തേയിലത്തോട്ടങ്ങൾ അടക്കം ഇപ്പോഴും അവശേഷിക്കുന്നു. ലോകത്തുതന്നെ ഇത്രയേറെ ജൈവവൈവിധ്യമുള്ള മറ്റൊരു പ്രദേശമില്ലെന്നാണ് ഇവിടം സന്ദർശിച്ച യുഎൻ പരിസ്ഥിതി സംഘം വിലയിരുത്തിയത്. ടൂറിസം വികസനത്തിന് ഇത്രയേറെ വളക്കൂറുള്ള മണ്ണു വേറെയില്ലെന്നു തന്നെ പറയാം. ഈ പഞ്ചായത്തിലാണു മാലിന്യ പ്ലാന്റ് വേണ്ടെന്നു വയ്ക്കാൻ ആഴ്ചകളായി തലപുകഞ്ഞു പഠിക്കുന്നത്.

Post a Comment

0 Comments